ജാക്സന്‍റെ ഡോക്ടറുടെ ഓഫീസില്‍ റെയ്ഡ്

ലോസ് ആഞ്ചല്‍സ്| WEBDUNIA| Last Modified വ്യാഴം, 23 ജൂലൈ 2009 (09:26 IST)
പോപ്പ് രാജാവ് മൈക്കല്‍ ജാക്സന്‍റെ മരണം സംബന്ധിച്ച ദുരൂഹതകള്‍ നിലനില്‍ക്കെ അദ്ദേഹത്തിന്‍റെ ഡോക്ടര്‍ കോണ്‍റാഡ്‌ മുറേയുടെ ഓഫിസില്‍ മെഡിക്കല്‍ അധികൃതരും പൊലീസും ചേര്‍ന്ന്‌ റെയ്ഡ്‌ നടത്തി. ജാക്സന്റെ മരണം കൊലപാതകമാണെന്ന ആരോപണം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ്‌ റെയ്ഡ്‌.

ടെക്സസിലെയും ഹൂസ്റ്റണിലെയും ആംസ്ട്രോങ്ങ്‌ മെഡിക്കല്‍ ക്ലിനിക്കിലാണ്‌ റെയ്ഡ്‌ നടന്നത്‌. അമിതമായ രീതിയില്‍ മരുന്നുകളുടെ ഉപയോഗമാണ്‌ ജാക്സന്റെ മരണത്തിന്‌ ഇടയാക്കിയതെന്ന സംശയം നിലനില്‍ക്കുന്നുണ്ട്.

തന്‍റെ മകന്‍റെ മരണത്തിന് പിന്നില്‍ ഡോക്ടറായിരിക്കാമെന്ന് ജാക്സന്‍റെ പിതാവ് ജോസഫ് ജാക്സന്‍ സംശയം പ്രകടിപ്പിച്ചിരുന്നു. “മൈക്കല്‍ ജാക്സന് വിശ്രമത്തിനു വേണ്ടി ഡോക്ടര്‍ എന്തോ മരുന്നു നല്‍കി. പിന്നീട് അവന്‍ ഉണരുകയുണ്ടയില്ല. അരുതാത്തതെന്തോ സംഭവിച്ചതായി സംശയിക്കേണ്ടിയിരിക്കുന്നു” - ജോസഫ് ജാക്സണ്‍ പറഞ്ഞു.

നേരത്തെ ജാക്സന്‍റെ സഹോദരിയും ഇത്തരത്തിലുള്ള അഭിപ്രാ‍യം പ്രകടിപ്പിച്ചിരുന്നു. ജാക്സന്‍റെ പക്കലുള്ള വലിയ സമ്പാദ്യം കൈക്കലാക്കുന്നതിനായി അദ്ദേഹത്തെ ചിലര്‍ മനപൂര്‍വം കൊലപെടുത്തുകയായിരുന്നെന്നാണ് അവര്‍ പറഞ്ഞിരുന്നത്. ജാക്സന്‍റെ മരണകാരണം വെളിപ്പെടുത്തുന്ന മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ക്കായി കാത്തിരിക്കുകയാണ് ജാക്സന്‍റെ കുടുംബം. റിപ്പോര്‍ട്ടുകള്‍ അടുത്തയാഴ്ച ലഭിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

മരണ സമയത്ത്‌ ഡോക്ടര്‍ മുറേ മൈക്കല്‍ ജാക്സന്റെ വസതിയില്‍ ഉണ്ടായിരുന്നുവെന്ന് പറയപ്പെടുന്നു‌. മൈക്കല്‍ ജാക്സനെ അവസാനമായി ജീവനോടെ കണ്ടതും ഡോക്ടറാണെന്നു കരുതുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :