ചാ‍വേറിനോട് പോരാടി എസ്തസാസ് രക്ഷിച്ചത് അനേകം കുരുന്നുകളുടെ ജീവന്‍; ധീരതയ്ക്ക് പരമോന്നത ബഹുമതി നല്‍കണമെന്ന് പാക്ജനത

ഇസ്ലാമാബാദ്| WEBDUNIA|
PRO
PRO
പാകിസ്ഥാനിലെ സ്‌കൂളില്‍ സ്‌ഫോടനം നടത്താനെത്തിയ ചാവേറിനോട് പോരാടി മരിച്ച 14 കാരനായ എയ്തസാസ് ഹസന് ധീരതയ്ക്കുള്ള പുരസ്‌ക്കാരം നല്‍കാന്‍ പ്രധാനമന്ത്രിയുടെ ശുപാര്‍ശ. പാകിസ്ഥാനില്‍ ധീരതയ്ക്ക് നല്‍കുന്ന ഏറ്റവും ഉയര്‍ന്ന പുരസ്‌ക്കാരമായ സിതാര ഇ ഷുജാത് എയ്തസാസിന് നല്‍കാനാണ് പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ് ശുപാര്‍ശ ചെയ്തിരിക്കുന്നത്. അതേസമയം മലാല യൂസഫ്‌സായെക്കാള്‍ ധീരത കാട്ടിയ എയ്തസാസിന് പരമോന്നത സിവിലിയന്‍ പുരസ്‌ക്കാരം നല്‍കണമെന്നാണ് പാക് ജനതയുടെ ആവശ്യം. പ്രധാനമന്ത്രിയുടെ ശുപാര്‍ശ ഇപ്പോള്‍ രാഷ്ട്രപതിയുടെ പരിഗണനയിലാണ്.

കഴിഞ്ഞ ദിവസമാണ് പാകിസ്ഥാനിലെ ഖൈബര്‍ പക്തൂണ്‍ക്വ, ഇബ്രാഹിമിയാസിലെ സ്‌കൂളില്‍ സ്‌ഫോടനം നടത്താനെത്തിയ ചാവേറിനെ ഒറ്റയ്ക്ക് നേരിട്ട് എയ്തസാസ് ഹസന്‍ കൊല്ലപ്പെട്ടത്. 2000ത്തോളം വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന സ്‌കൂളില്‍ സ്‌ഫോടനം നടത്താനായിരുന്നു ചാവേറിന്റെ പദ്ധതി. സ്‌കൂളിന്റെ പ്രധാന കവാടം കടന്നെത്തുന്ന ചാവേറിനെ കണ്ട് സംശയം തോന്നിയ എയ്തസാസ് അവിടെ ചെല്ലുകയും കാര്യം തിരക്കുകയും ചെയ്തു. എന്നാല്‍, എയ്തസാസിനെ തള്ളിനീക്കി മുന്നോട്ട് നീങ്ങാന്‍ ശ്രമിച്ച ചാവേറിനെ എയ്തസാസ് നേരിട്ടു. തുടര്‍ന്നുണ്ടായ പിടിവലിക്കിടയില്‍ ചാവേര്‍ ബോംബ് പൊട്ടിച്ചു. ഗുരുതരമായി പരുക്കേറ്റ എയ്തസാസ് ആശുപത്രിയില്‍ വെച്ചാണ് മരിച്ചത്.

ഇബ്രാഹിമിയാസ് സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയായിരുന്നു എയ്തസാസ്. സ്‌കൂളില്‍ താമസിച്ച് എത്തിയതിനാലാണ് എയ്തസാസ് ചാവേറിനെ കാണാന്‍ ഇടയായതും മറ്റുള്ള കുട്ടികളുടെ ജീവന്‍ രക്ഷിക്കാനായതെന്നും പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. തന്റെ സുഹൃത്തുക്കളുടെയും സഹപാഠികളുടെയും ജീവന്‍ രക്ഷിച്ച എയ്തസാസ് ഹസന്‍ ഇന്ന് താലിബാന്‍ തീവ്രവാദത്തിനെതിരെ പോരാടി മരിച്ച രക്തസാക്ഷിയാണ്. സോഷ്യല്‍ മീഡിയയിലൂടെ എയ്തസാസിന്റെ ധീരതയുടെ കഥ പ്രചരിക്കുകയാണ്.

പാകിസ്ഥാനിലെ പരമോന്നത സിവിലിയന്‍ പുരസ്‌ക്കാരം എയ്കസാസ് ഹസന് നല്‍കണമെന്നാണ് സോഷ്യല്‍ മീഡിയ സൈറ്റുകളിലെ പ്രധാന ആവശ്യം. അതിനിടെ എയ്തസാസിന് പരമോന്നത സിവിലിയന്‍ പുരസ്‌കാരം നല്‍കാന്‍ ഖൈബര്‍ പക്തൂണ്‍ക്വയിലെ പോലീസ് സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തു. മലാല യൂസഫ്‌സായ് ഫൗണ്ടേഷന്‍ എയ്തസാസ് ഹസന്റെ കുടുംബത്തിന് കഴിഞ്ഞ ദിവസം അഞ്ച് ലക്ഷം രൂപയുടെ സഹായധനം നല്‍കിയിരുന്നു. സൗദി അറേബ്യയില്‍ ജോലി ചെയ്യുന്ന മുജാഹിദ് അലി ബാംഗാഷ് ആണ് എയ്താസിന്റെ പിതാവ്. ഒരു സഹോദരനും മൂന്നു സഹോദരിമാരുമുണ്ട്. മകന്റെ വേര്‍പാടു അങ്ങേയറ്റം വേദനിപ്പിക്കുന്നുണ്ടെങ്കിലും രണ്ടായിരത്തോളം വിദ്യാര്‍ഥികളെ രക്ഷിച്ച അവന്റെ മരണത്തെയോര്‍ത്ത് അഭിമാനം കൊള്ളുന്നുവെന്നു എയ്താസ് ഹസന്റെ പിതാവ് മുജാഹിദ് അലി പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :