ഇന്ത്യന്‍ രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയെ അമേരിക്കയിലെ ഒരു ക്രൈസത സഭ ജ്ഞാനസ്നാനം ചെയ്ത് ക്രിസ്ത്യാനിയാക്കിയെന്ന് വെളിപ്പെടുത്തല്‍. എന്തായാലും ജീവിച്ചിരിക്കുമ്പോഴല്ല ഗാന്ധിജിയെ ഈ സഭ ജ്ഞാനസ്നാനം ചെയ്യിച്ചത്. മരണാനന്തര ജ്ഞാനസ്നാനമാണ് നടത്തിയത്. പ്രത്യേകമായ ആചാരനുഷ്ഠാനങ്ങള്‍ പിന്തുടരുന്ന ലാറ്റര്‍ ഡേ സെയിന്റ്‌സ് സഭയാണ് ഗാന്ധിജിയെ ജ്ഞാനസ്നാനം ചെയ്യിച്ചതിന്റെ പേരില്‍ വിവാദത്തില്‍ പെട്ടിരിക്കുന്നത്.
അമേരിക്കന്‍ ഗവേഷകയായ ഹെലന്‍ റഡ്കിയാണ് ഈ വിവരം വെളിപ്പെടുത്തിയിരിക്കുന്നത്. 1996 മാര്‍ച്ച് 27-ന് അമേരിക്കയിലെ സാള്‍ട്ട് ലേക്ക് സിറ്റിയിലെ സഭയുടെ ആസ്ഥാനത്ത് നടന്ന ജ്ഞാനസ്നാന ചടങ്ങുകളെ പറ്റി ഒരു പ്രമുഖ ഹൈന്ദവ സംഘടനയ്ക്ക് ഹെലന്‍ റഡ്കി ഇമെയില്‍ അയയ്ക്കുകയും ചെയ്തിട്ടുണ്ട്. ചടങ്ങ് നടക്കുമ്പോള്‍ താനും അവിടെ ഉണ്ടായിരുന്നു എന്നും ഇതു സംബന്ധിച്ച ചില പ്രധാന രേഖകളുടെ പകര്‍പ്പ് തന്റെ കൈയിലുണ്ടെന്നും ഹെലന്‍ റഡ്കി പറയുന്നു.
ഗാന്ധിജിയെ മരണാനന്തര ജ്ഞാനസ്നാനത്തിന് വിധേയനാക്കിയതില്‍ ഗാന്ധിജിയുടെ പേരക്കുട്ടി അരുണ്‍ ഗാന്ധി തന്റെ പ്രതിഷേധം അറിയിച്ചിട്ടുണ്ട്. ലാറ്റര്‍ ഡേ സെയിന്റ്സ് സഭയില്‍ നിന്ന് ഈയിടെ പുറത്താക്കപ്പെട്ടയാളാണ് ഹെലന്‍ റഡ്കി എന്നതിനാല്‍ ഇവര്‍ പറയുന്നതില്‍ എത്രത്തോളം സത്യമുണ്ടെന്ന് കണ്ടുതന്നെ അറിയണം.