ഗസല്‍ ചക്രവര്‍ത്തി മെഹ്ദി ഹസ്സന്‍ അന്തരിച്ചു

കറാച്ചി| WEBDUNIA|
PTI
ലോകം നെഞ്ചിലേറ്റിയ ഗസല്‍ ചക്രവര്‍ത്തി മെഹ്ദി ഹസ്സന്‍(84) വിടവാങ്ങി. പാകിസ്ഥാനിലെ കറാച്ചിയിലെ ആഗാ ഖാന്‍ ആശുപത്രിയില്‍ ആയിരുന്നു അദ്ദേഹത്തിന്റെ അന്ത്യം സംഭവിച്ചത്. കരള്‍ രോഗത്തിനും ശ്വാസകോശ സംബന്ധമായ അസുഖത്തിനും ചികിത്സയില്‍ ആയിരുന്നു അദ്ദേഹം.

ഇന്ത്യയില്‍ ജനിച്ച മെഹ്ദി ഹസ്സന്‍ പാകിസ്ഥാനിലേക്ക് കുടിയേറുകയായിരുന്നു. 1927 ജൂലൈ 18 -ന് രാജസ്ഥാനിലെ ലുണയിലുള്ള പരമ്പരാഗത സംഗീത കുടുംബത്തിലായിരുന്നു അദ്ദേഹത്തിന്റെ ജനനം. ഇന്ത്യാ വിഭജനത്തെത്തുടര്‍ന്നാണ് കുടുംബം പാകിസ്ഥാനിലേക്ക് കുടിയേറിയത്.

ലോകം മുഴുവന്‍ ആരാധകരുള്ള ആ ഗസല്‍ ഗായകന്‍ എട്ടാം വയസ്സില്‍ അമ്മാവന്‍ ഉസ്താദ് ഇസ്മായില്‍ ഖാനില്‍ നിന്നാണ് സംഗീതം പഠിച്ചുതുടങ്ങിയത്. ഏറെ ഉയര്‍ച്ച താഴ്ചകള്‍ നേരിടേണ്ടിവന്ന ജീവിതമായിരുന്നു അദ്ദേഹത്തിന്റേത്. കൊടിയ ദാരിദ്രത്തിന്റെ നടുവിലായിരുന്നു അദ്ദേഹത്തിന്റെ കുടുംബം കഴിഞ്ഞിരുന്നത്. 1957-ല്‍ റേഡിയോ പാകിസ്ഥാനില്‍ പാടാന്‍ അവസരം ലഭിച്ചതാണ് അദ്ദേഹത്തിന്റെ ജീവിതത്തിലെ നിര്‍ണ്ണായക വഴിത്തിരിവായത്. ഗസലിന് പുറമെ നിരവധി പാകിസ്ഥാനി ചിത്രങ്ങളും അദ്ദേഹം പാടി.

എണ്‍പതുകളിലാണ് രോഗങ്ങള്‍ അദ്ദേഹത്തെ കീഴ്പ്പെടുത്തി തുടങ്ങിയത്. ശ്വാസകോശരോഗങ്ങളെ തുടര്‍ന്ന് അദ്ദേഹം സംഗീതപരിപാടികളില്‍ നിന്ന് വിട്ടുനില്‍കാന്‍ തുടങ്ങി. 2000 ത്തിലാണ് അദ്ദേഹം അവസാനമായി ഇന്ത്യയില്‍ എത്തിയത്.

ആജ് തക് യാദ് ഹൈ വോ പ്യാര്‍ കാ മന്‍സാര്‍, ചല്‍തേ ഹോ തോ ചമന്‍, ദുനിയാ കിസി കെ പ്യാര്‍ മേം, ദില്‍ കി ബാത്, ആംഘോം സെ മിലി, ഏക് ബാര്‍ ചലേ ആവോ, ആപ് കി ആംഘോം നേ, ജബ് ഭീ ആത്തി തുടങ്ങിയവ അദ്ദേഹത്തിന് ഏറെ ആരാധകരെ നേടിക്കൊടുത്ത ഗസലുകളില്‍ ചിലതാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :