ലിബിയന്‍ ഏകാധിപതി ഗദ്ദാഫിയുടെ സൈനികര്‍ മനുഷ്യാവകാശ ലംഘനത്തിലും യുദ്ധക്കുറ്റകൃത്യങ്ങളിലും മുഴുകിയിരിക്കുകയാണെന്ന് ‘ലോയേഴ്സ് വിത്തൌട്ട് ബോര്‍ഡര്‍’ എന്ന മനുഷ്യാവകാശ സംഘടന കുറ്റപ്പെടുത്തുന്നു. കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും നേരെ ഗദ്ദാഫിയുടെ സൈന്യം കൊടും ക്രൂരതയാണ് കാണിക്കുന്നതെന്ന് സംഘടനയുടെ ഉപാധ്യക്ഷന്‍ മൊറിസിയോ പറഞ്ഞു.
എട്ട് വയസ്സുവരെ പ്രായമുള്ള കുട്ടികളെ മാതാപിതാക്കളുടെ മുന്നില്‍ വച്ച് ലിബിയന്‍ സൈന്യം ബലാത്സംഗത്തിന് ഇരയാക്കുന്നതായി ലോകമെമ്പാടുമുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കുട്ടികളുടെ മുന്നില്‍ വച്ചാണ് സൈന്യം അവരുടെ മാതാപിതാക്കളെ കൊലപ്പെടുത്തുന്നത്.
കൂട്ട നരഹത്യ, നാറ്റോ ആക്രമണത്തില്‍ നിന്ന് രക്ഷനേടാന്‍ മനുഷ്യ കവചം ഉപയോഗിക്കുക, ക്ലസ്റ്റര്‍ ബോംബിംഗ് തുടങ്ങിയ യുദ്ധക്കുറ്റകൃത്യങ്ങളും ഗദ്ദാഫി സേന വ്യാപകമായി നടത്തുന്നുണ്ടെന്ന് ലോയേഴ്സ് വിത്തൌട്ട് ബോര്‍ഡര്‍ കുറ്റപ്പെടുത്തുന്നു. ഇതെല്ലാം തെളിയിക്കാനുള്ള വീഡിയോ ദൃശ്യങ്ങള്‍ സംഘടനയുടെ കൈവശമുണ്ട് എന്നും മൊറിസിയോ പറഞ്ഞു.
ലിബിയയില്‍ കഴിഞ്ഞ ദിവസം നാറ്റോ സൈന്യം നടത്തിയ ആക്രമണത്തില്‍ ഗദ്ദാഫിയുടെ കെട്ടിട സമുച്ചയം നിലംപരിശായിരുന്നു. നിര്‍ണായക യോഗങ്ങള്‍ നടക്കുന്ന ട്രിപ്പോളിയിലെ ബാബ് അല്‍ അസീസിയ സമുച്ചയമാണ് ആക്രമണത്തില്‍ തകര്‍ന്നത്. അതേസമയം, വിമതര്‍ നിയന്ത്രണം പിടിച്ചെടുത്ത മിസ്രേറ്റി പട്ടണത്തില്‍ ഗദ്ദാഫിയുടെ സൈന്യം വീണ്ടും ആക്രമണം നടത്തി.