ക്രൂസ് മിസൈല്‍ പ്രതിരോധ സംവിധാനം വികസിപ്പിച്ചതായി ഇറാന്‍

ടെഹ്‌റാന്‍| WEBDUNIA|
ക്രൂസ് മിസൈല്‍ പ്രതിരോധ സംവിധാനം വികസിപ്പിച്ചെടുത്തതായി മുതിര്‍ന്ന ഇറാനിയന്‍ സൈനിക കമാന്‍ഡര്‍ അറിയിച്ചു. ഇസ്ലാമിക് റിപ്പബ്ലിക്കിന്‍റെ ഉടമസ്ഥതയിലുള്ള ഇംഗ്ലീഷ് വാര്‍ത്ത ചാനലായ പ്രസ് ടിവിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

മുപ്പത് വര്‍ഷത്തോളം ശത്രുക്കളുടെ സൈനികമായ വിലക്കുകള്‍ അഭിമുഖീകരിക്കേണ്ടി വന്നിട്ടും സ്വയംപര്യാപ്തത കൈവരിക്കാന്‍ സായുധ സേന ഉചിതമായ നടപടികള്‍ കൈക്കൊണ്ടതായി ബ്രിഗേഡിയര്‍ ജനറല്‍ അഹമ്മദ് മിഖാനി പറഞ്ഞു. ഇറാനി സൈന്യത്തിന്‍റെ വ്യോമ പ്രതിരോധ ഒഫീസിന്‍റെ മേധാവിയാണ് മിഖാനി.

ക്രൂസ് മിസൈലുകള്‍ കണ്ടെത്താനും നശിപ്പിക്കാനും ഇപ്പോള്‍ ഇറാന്‍ സൈന്യത്തിന് കഴിയുമെന്ന് അദ്ദേഹം അറിയിച്ചു. കൂടുതല്‍ വിശദീകരിക്കാന്‍ അദ്ദേഹം തയ്യാറായില്ല. എങ്കിലും, നിലവിലെ പ്രതിരോധ സംവിധാനം ഇറാന്‍ മെച്ചപ്പെടുത്തിവരുന്നതായും പത്തോളം വിമാന പ്രതിരോധ സംവിധാനങ്ങളും റഡാറുകളും നിര്‍മ്മിച്ച് വരുന്നതായും മിഖാനി പറഞ്ഞു.

ക്രൂസ് മിസൈലുകളെ പ്രതിരോധിക്കാനായി യുദ്ധക്കപ്പലുകളില്‍ പീരങ്കികള്‍ സ്ഥാപിച്ചുവരുന്നതായി കഴിഞ്ഞ മേയില്‍ ഇറാന്‍ വ്യക്തമാക്കിയിരുന്നു. ഇസ്രയേലിന്‍റെ എല്ലാ ഭൂവിഭാഗത്തിലേക്കും എത്തുന്ന തരത്തിലുള്ള മിസൈലുകള്‍ വികസിപ്പിച്ചെടുത്തതായും നേരത്തെ ഇറാന്‍ അവകാശപ്പെട്ടിരുന്നു.

അഹമ്മദി നെജാദ് പ്രസിഡന്‍റായി സ്ഥാനമേറ്റെടുത്ത ശേഷമാണ് ഇറാനും ഇസ്രയേലും തമ്മിലുള്ള ബന്ധം ഏറെ വഷളായത്. ജൂത രാഷ്ട്രത്തെ ഭൂപടത്തില്‍ നിന്ന് തുടച്ചുനീക്കുമെന്ന നെജാദിന്‍റെ പ്രസ്താവന പാശ്ചാത്യ രാജ്യങ്ങളുടെയെല്ലാം ശക്തമായ പ്രതിഷേധത്തിന് കാരണമാക്കിയിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :