യു എന്‍ ആണവ പരിശോധകരുമായി ഉത്തരകൊറിയ പൂര്‍ണ്ണതോതില്‍ സഹകരിക്കുന്നുണ്ടെന്ന് യു എന്‍ സംഘത്തിന്‍റെ നേതാവ് അറിയിച്ചു.
പത്തംഗ അന്താരാഷ്ട്ര ആണവോര്‍ജ്ജ ഏജന്‍സി (ഐ എ ഇ എ) സംഘം ജൂലൈ 12നാണ് ഉത്തരകൊറിയയിലെത്തിയത്. ഉത്തരകൊറിയന്‍ ആണവ പദ്ധതിയുടെ മുഖ്യ കേന്ദ്രമായ യോങ് ബ്യോങ് ആണവ കേന്ദ്രം അടച്ചു പൂട്ടുന്നതിന് മേല്‍നോട്ടം വഹിക്കുന്നതിനാണ് ഐ എ ഇ എ സംഘം ഉത്തരകൊറിയയിലെത്തിയത്.
ഞങ്ങളുടെ ജോലി ചെയ്യുന്നതിന് ഉത്തരകൊറിയ പൂര്‍ണ്ണ സഹകരണം നല്‍കി- ഐ എ ഇ എ സംഘത്തലവന്‍ അദല്‍ തോയ്ബ പറഞ്ഞു. നമ്മുടെ ദൌത്യം സംബന്ധിച്ചുള്ള വിലയിരുത്തല്‍ വിയനയിലെ ഐ എ ഇ എ ആസ്ഥാനത്ത് നടക്കും.
തോയ്ബയുടെ സംഘം മടങ്ങുന്ന മുറയ്ക്ക് ആണവ കേന്ദ്രം അടച്ചുപൂട്ടുന്നതിന് മേല്‍നോട്ടം വഹിക്കാനായി ആറംഗ പുതിയ സംഘം ഉത്തരകൊറിയയിലെത്തിയിട്ടുണ്ട്.
ഉത്തരകൊറിയ യോങ് ബ്യോങിലെ ആണവ കേന്ദ്രം അടച്ചുപൂട്ടിയതായി കഴിഞ്ഞ ആഴ്ച ഐ എ ഇ എ സ്ഥിരീകരിച്ചിരുന്നു. അണവ പദ്ധതി പൂര്‍ണ്ണമായും അവസാനിപ്പിക്കുന്നതിക്കുന്നതിനുള്ള ആദ്യ പടിയാണിതെന്ന് അഭിപ്രായമുയര്‍ന്നിരുന്നു.