കൊറിയ രാഷ്ട്രീയ സംവിധാനങ്ങള്‍ സുതാര്യമാക്കണം

പ്യോജിയാംഗ്| WEBDUNIA| Last Modified വ്യാഴം, 14 ജനുവരി 2010 (16:59 IST)
റഷ്യയേയും ചൈനയേയും പിന്തുടാരാന്‍ വടക്കന്‍ കൊറിയ തയ്യാ‍റാവണമെന്നും രാജ്യത്തെ ജനങ്ങളുടെ നിലവാരം ഉയര്‍ത്താനായി സാമ്പത്തിക രാഷ്ട്രീയ സംവിധാനങ്ങള്‍ കൂടുതല്‍ സുതാര്യമാക്കണമെന്നും യുഎസ് നിര്‍ദേശിച്ചു. മനുഷ്യാവകാശ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള വടക്കന്‍ കൊറിയയിലെ പ്രത്യേക യുഎസ് പ്രതിനിധി റോബര്‍ട്ട് കിംഗ് ആണ് ഇക്കാര്യമറിയിച്ചത്.

യുഎസ് എംബസി നടത്തുന്ന ഒരു വെബ്സൈറ്റില്‍ വടക്കന്‍ കൊറിയയിലെ ഇന്‍റര്‍നെറ്റ് ഉപയോക്താക്കളുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ 20 വര്‍ഷങ്ങളില്‍ ചൈനയിലും റഷ്യയിലും ഉണ്ടായ സാമ്പത്തിക മാറ്റങ്ങള്‍ വടക്കന്‍ കൊറിയ മാതൃകയാക്കണമെന്ന് കിംഗ് ആവശ്യപ്പെട്ടു. മനുഷ്യാവകാശ ധ്വംസനങ്ങളില്‍ പ്യോജിയാംഗ് ഏറെ മുന്നിലാണ്. ഏതാണ്ട് 150,000 രാഷ്ട്രീയ തടവുകാരാണ് രാജ്യത്തെ വലിയ ജയില്‍ ക്യാമ്പുകളിലുള്ളത്.

യുണൈറ്റഡ് സ്റ്റേറ്റ്സുമായി ഫലവത്തായ ബന്ധം ആഗ്രഹിക്കുന്നെങ്കില്‍ മനുഷ്യാവകാശങ്ങള്‍ക്ക് വടക്കന്‍ കൊറിയ ഊന്നല്‍ കൊടുക്കേണ്ടതുണ്ടെന്ന് കിംഗ് പറഞ്ഞു. യുഎസും ഉത്തരകൊറിയയും ഇതുവരെയും നയതന്ത്ര ബന്ധങ്ങളില്‍ ഏര്‍പ്പെട്ടിട്ടില്ല. സ്ഥാനമേറ്റെടുത്തതിന് ശേഷം തന്‍റെ ആദ്യ കൊറിയന്‍ സന്ദര്‍ശനത്തിലാണ് കിംഗ്സ് യുഎസ് നയം വ്യക്തമാക്കിയത്. ഇന്ന് അദ്ദേഹം ജപ്പാനിലേക്ക് പോകും.

അതേസമയം രാജ്യത്തിന്മേലുള്ള വിലക്കുകള്‍ നീക്കാതെ ആറ് രാജ്യങ്ങളുമായുള്ള ആണവ നിരായുധീകരണ ചര്‍ച്ചകളില്‍ സഹകരിക്കില്ലെന്ന് ഉത്തരകൊറിയ കഴിഞ്ഞ ദിവസം പ്രസ്താവിച്ചിരുന്നു. എന്നാല്‍ യുഎസുമായി ചര്‍ച്ച നടത്താന്‍ തയ്യാറാണെന്നും പ്യോജിയാംഗ് വ്യക്തമാക്കിയിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :