ഇറാഖില്‍ തൂക്കിലേറ്റപ്പെട്ട സദ്ദാം ഹുസൈന്റെ ഉറ്റ അനുയായി കെമിക്കല്‍ അലിയുടെ വധ ശിക്ഷയ്ക്ക് പ്രസിഡന്റ് അംഗീകാരം നല്‍കിയതായി അറിയുന്നു. ഇറാഖിലെ ഒരു ഉന്നത ഉദ്യോഗസ്ഥനാണ് ഈ വിവരം വെളിപ്പെടുത്തിയത്.
കെമിക്കല്‍ അലിയുടെ വധ ശിക്ഷ പ്രസിഡന്റ് അംഗീകരിച്ചു. എന്നാല്‍, എന്നത്തേക്കാണ് വധ ശിക്ഷ നടപ്പാക്കുകയെന്ന് നിശ്ചയിച്ചിട്ടില്ല- പേര് വെളിപ്പെടുത്താന്‍ തയാറാകാത്ത ഇറാഖി ഉന്നതോദ്യോഗസ്ഥന് അറിയിച്ചു.
സദ്ദാമിന്റെ ഭരണകൂടത്തില്‍ പ്രതിരോധ മന്ത്രിയായിരുന്ന കെമിക്കല്‍ അലി 1980കളില്‍ ഇറാഖിലെ കുര്‍ദ്ദുകളെ വിഷ വാതകം കൊണ്ടുളള ആക്രമണത്തിലൂടെ കൊന്നൊടുക്കാന്‍ ഉത്തരവിട്ടിരുന്നു. ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞ വര്‍ഷം ജൂണില്‍ കെമിക്കല്‍ അലിയെ വധ ശിക്ഷയ്ക്ക് വിധേയനാക്കാന്‍ ഉത്തരവിട്ടിരുന്നു.
എന്നാല്‍, നിയമക്കുരുക്കുകളില്‍ പെട്ട് ശിക്ഷ നടപ്പാക്കുന്നത് നീണ്ട് പോകുകയായിരുന്നു.കെമിക്കല്‍ അലിക്കൊപ്പം മറ്റ് രണ്ട് പേര്ക്കി കൂടി വധശിക്ഷ നല്‍കിയിട്ടുണ്ട്.
വിഷവാതകം കൊണ്ടുള്ള ആക്രമണത്തില്‍ 182000 കുര്‍ദ്ദുകളെ കൊന്നൊടുക്കിയിരുന്നു. നാലായിരം ഗ്രാമങ്ങളാണ് കത്തിയമര്‍ന്നത്.