നൈറോബി|
WEBDUNIA|
Last Modified വ്യാഴം, 31 ജനുവരി 2008 (11:22 IST)
കലാപകലുഷിതമായ കെനിയയില്‍ സമാധാനം കൈവരുത്തുന്നതിനുള്ള ശ്രമങ്ങളുമായി ബന്ധപ്പെട്ട് മധ്യസ്ഥര്‍ വ്യാഴാഴ്ച ചര്‍ച്ച നടത്തും. കഴിഞ്ഞ മാസം നടന്ന പ്രസിഡന്‍റ് തെരഞ്ഞെടുപ്പിനെ തുടര്‍ന്നുണ്ടായ കലാപം വംശീയ കലാപമായി രൂപാന്തരം പ്രാപിച്ചിട്ടുണ്ട്.
കലാപത്തെ തുടര്‍ന്ന് കൊല്ലപ്പെട്ടവരുടെ എണ്ണം ആയിരത്തിനടുത്തെത്തിയിട്ടുണ്ട്. മൂന്ന് ലക്ഷത്തോളം പേര്‍ ഭവനരഹിതരായി. ഈ പശ്ചാത്തലത്തിലാണ് പ്രസിഡന്‍റ് മവായി കിബക്കിയുടെയും പ്രതിപക്ഷ നേതാവ് റൈല ഒഡിംഗയുടെയും പ്രതിനിധികള്‍ വ്യാഴാഴ്ച കൂടിക്കാണുന്നത്.
യു എന്‍ മുന്‍ സെക്രട്ടറി ജനറല്‍ കോഫി അന്നന്‍ ചൊവ്വാഴ്ച കിബക്കിയുമായും ഒഡിംഗയുമായും ചര്‍ച്ച നടത്തിയിരുന്നു. ഡിസംബര്‍ 27ന് നടന്ന പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ കൃത്രിമം കാട്ടിയാണ് കിബക്കി വിജയിച്ചതെന്നാണ് ഒഡിംഗയുടെ ആരോപണം.
വ്യാഴാഴ്ച സമാധാന ചര്‍ച്ച നടക്കുന്നതിന് മുന്നോടിയായി കിബക്കിയുടെയും ഒഡിംഗയുടെയും പ്രതിനിധികള്‍ കഴിഞ്ഞ ദിവസം പ്രത്യേകമായി ചര്‍ച്ച നടത്തിയിരുന്നു. രാജ്യത്തെ ഇപ്പോഴത്തെ പ്രശ്നങ്ങള്‍ നാലാഴ്ചയ്ക്കുള്ളില്‍ പരിഹരിക്കാനാകും എന്നാണ് കോഫി അന്നന്‍ അഭിപ്രായപ്പെടുന്നത്.
വീണ്ടും പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് നടത്തണമെന്നാണ് ഒഡിംഗ ആവശ്യപ്പെടുന്നത്. എന്നാല്‍, ചര്‍ച്ച ആകാം എന്ന നിലപാടാണ് കിബക്കി സ്വീകരിച്ചിട്ടുള്ളത്.