കുറ്റവാളികളെ പരസ്പരം കൈമാറും വിസാ ചട്ടങ്ങള്‍ ലളിതമാക്കാനും ബംഗ്ലാദേശുമായി ധാരണ. ഇതു സംബന്ധിച്ച ഉടമ്പടിയില്‍ ഇന്ത്യയും ബംഗ്ലാദേശും ഒപ്പുവച്ചു. ഇരുരാജ്യങ്ങളിലെയും ജയിലുകളില്‍ കഴിയുന്ന പൗരന്‍മാരെ കൈമാറുന്നതിനുദ്ദേശിച്ചുള്ള കരാര്‍ ഭീകരവിരുദ്ധ പോരാട്ടത്തില്‍ നേട്ടമാകും. ബംഗ്ലാദേശ് സന്ദര്‍ശിക്കുന്ന ആഭ്യന്തരമന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡെയും ബംഗ്ലാദേശ് ആഭ്യന്തരമന്ത്രി ഡോ. മൊഹിയുദ്ദീന്‍ ഖാന്‍ ആലംഗീറും തമ്മില്‍ നടന്ന കൂടിക്കാഴ്ചയ്‌ക്കൊടുവിലാണ് ഉടമ്പടിയില്‍ ഒപ്പുവെച്ചത്.
കരാറിന് തിങ്കളാഴ്ചയാണ് ബംഗ്ലാദേശ് മന്ത്രിസഭ അംഗീകാരം നല്‍കിയത്. ഗുരുതരമായ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടവരുടെയും കൊലക്കേസുകളില്‍ പ്രതികളാകുന്നവരുടെയും കാര്യത്തിലാണ് ഉടമ്പടി പ്രാവര്‍ത്തികമാവുക. കുറ്റവാളിയെ വിട്ടുകൊടുക്കുന്നത് രാജ്യതാത്പര്യത്തിനു തടസ്സമാകും എന്നു കണ്ടാല്‍ അതിനു വിസമ്മതിക്കാം എന്ന വ്യവസ്ഥയും കരാറിലുണ്ട്. എന്നാല്‍ വിചാരണ നേരിടുന്നവരുടെ കൈമാറ്റം ഉടമ്പടിയിലുണ്ടെന്ന് ബംഗ്ലാദേശ് കാബിനറ്റ് സെക്രട്ടറി മുഹമ്മദ് മുഷറഫ് ഹുസൈന്‍ പറഞ്ഞു. വിസാചട്ടങ്ങള്‍ ഉദാരമാക്കാനുള്ള ഉടമ്പടിയിലും ഇരു ആഭ്യന്തര മന്ത്രിമാരും ഒപ്പുവെച്ചു.