ശ്രീലങ്കയില്‍ സൈന്യവും തമിഴ് പുലികളും തമ്മില്‍ പതിറ്റാണ്ടുകള്‍ നീണ്ട പോരാട്ടങ്ങള്‍ക്ക് അറുതിയാവുന്നു. തങ്ങള്‍ ആയുധം താഴെവച്ച് നിരുപാധികം കീഴടങ്ങുന്നതായി എല്‍ടിടിഇ നേതാവ് ശെല്‍വരാജ പദ്മനാഭന്‍ അറിയിച്ചു. പുലി അനുകൂല വെബ്സൈറ്റായ തമിഴ് ഡോട്ട് നെറ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യമറിയിച്ചത്.
ഒട്ടേറെ കൈപ്പേറിയ അനുഭവങ്ങള്‍ പോരാട്ടത്തില്‍ തങ്ങള്‍ക്കുണ്ടായതായി. തമിഴ് വംശജര്‍ക്കായുള്ള പോരാട്ടം ദുരന്തത്തില്‍ കലാശിച്ചതായും അതിനാല്‍ എല്‍ടിടിഇ തോക്കുകള്‍ നിശബ്ദ്ദമാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. നിരപരാധികളായ സാധാരണ ജനങ്ങളുടെ ജീവന്‍ രക്ഷിക്കാന്‍ തങ്ങള്‍ക്ക് കീഴടങ്ങുകയല്ലാതെ മറ്റ് മാര്‍ഗങ്ങളില്ലായിരുന്നെന്നും ശെല്‍വരാജ അറിയിച്ചു.
എന്നാല്‍ ചില മേഖലകളില്‍ പുലികളും സൈന്യവും തമ്മില്‍ ഇപ്പോഴും രൂക്ഷമായ പോരാട്ടം നടക്കുന്നതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. സൈന്യം നടത്തിയ ആക്രമണത്തില്‍ 3000 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടതായും 2500ഓളം പേര്‍ക്ക് പരുക്ക് പറ്റിയതായും പുലികള്‍ ആരോപിക്കുന്നുണ്ട്.
അതേസമയം എല്‍ടിടിഇ നേതാവ് വേലുപ്പിള്ള പ്രഭാകരന്‍ മരിച്ചതായ റിപ്പോര്‍ട്ടുകള്‍ സംബന്ധിച്ച് വെബ്സൈറ്റ് മൌനം പാലിച്ചു. പ്രഭാകരന്‍ ആത്മഹത്യ ചെയ്തതായും മൃദദേഹം സൈനിക ക്യാമ്പില്‍ കൊണ്ടുവന്നതായും ഏതാനും മാധ്യമങ്ങള്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.