ലിബിയന്‍ തീരത്ത് മൂന്ന് കപ്പലുകള്‍ മുങ്ങി 300 പേരെ കാണാതായതായി റിപ്പോര്‍ട്ട്. കഴിഞ്ഞ രണ്ട് ദിവസങ്ങളിലയായാണ് സംഭവം. വടക്കന്‍ ആഫ്രിക്കയില്‍ നിന്ന് യൂറോപ്പിലേയ്ക്ക് അനധികൃത കുടിയേറ്റത്തിന് ശ്രമിച്ചവരാണ് കപ്പലുകളില്‍ ഉണ്ടായിരുന്നത്.
ഞായറാഴ്ചയ്ക്ക് ശേഷം മൂന്ന് കപ്പലുകള്‍ തീരത്ത് മുങ്ങിയതായി ലിബിയന്‍ ഔദ്യോഗിക കേന്ദ്രങ്ങള്‍ അറിയിച്ചതായി ഇന്‍റര്‍നാഷണല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ മൈഗ്രേഷന്‍ വെളിപ്പെടുത്തി. ശക്തമായ കാറ്റടിച്ചതാണ് കപ്പല്‍ മുങ്ങാന്‍ കാരണമെന്നും റിപ്പോര്‍ട്ടിലുണ്ട്.
2008ല്‍ 33000 ആള്‍ക്കാര്‍ ഇറ്റാലിയന്‍ ദ്വീപായ ലമ്പുദേസയിലേക്ക് കുടിയേറിയിട്ടുണ്ടെന്നാണ് കണക്ക്. മെച്ചപ്പെട്ട ജീവിതം തേടിയാണ് മിക്കവരും യൂറോപ്പിലേയ്ക്ക് കുടിയേറുന്നത്. അപകടത്തില്‍ നിന്ന് രക്ഷപ്പെട്ട ചിലര്‍ ഇറ്റാലിയന്‍ തീരത്തെത്തിയതായി റിപ്പോര്‍ട്ടുണ്ട്.
രക്ഷാപ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണെന്ന് സംഘടന അറിയിച്ചു. എത്രപേര്‍ അപകടത്തില്‍പ്പെട്ടിട്ടുണ്ടെന്ന് വ്യക്തമല്ല. എന്നാല്‍, 300 മുതല്‍ 500 പേര്‍ വരെ കപ്പലുകളില്‍ ഉണ്ടായിരുന്നിരിക്കാമെന്നാണ് നിഗമനം.