മോസ്കോ|
WEBDUNIA|
Last Modified വെള്ളി, 18 സെപ്‌റ്റംബര്‍ 2009 (09:38 IST)
കിഴക്കന്‍ യൂറോപ്പില്‍ മിസൈല്‍ പ്രതിരോധ സംവിധാനം സ്ഥാപിക്കാനുള്ള നീക്കം ഉപേക്ഷിച്ച അമേരിക്കയുടെ നടപടിയെ റഷ്യ സ്വാഗതം ചെയ്തു. യുഎസ് നടപടി മോസ്കോയും വാഷിംഗ്ടണും തമ്മിലുള്ള മിസൈല്‍ വിരുദ്ധ സഹകരണം വര്‍ദ്ധിപ്പിക്കുമെന്ന് റഷ്യന്‍ പ്രസിഡന്‍റ് ദിമിത്രി മദ്‌വദേവ് പറഞ്ഞു.
ആന്‍റി മിസൈല്‍ ഡിഫന്‍സ് (എഎംഡി) വിഷയത്തില്‍ അമേരിക്കയുടെ സമീപനം ശരിയായ ദിശയിലാക്കുന്നത് സംബന്ധിച്ചുള്ള ഒബാമയുടെ പ്രസ്താവന റഷ്യ മുഖവിലക്കെടുത്തിട്ടുള്ളതായി മദ്‌വദേവ് വ്യക്തമാക്കി.
ഇറാനില്‍ നിന്നും ഭീഷണി ഉയര്‍ന്ന സാഹചര്യത്തില്‍ കിഴക്കന്‍ യൂറോപ്പിന് മിസൈല്‍ കവചം തീര്‍ക്കാനായി മുന്‍ യുഎസ് പ്രസിഡന്‍റ് ജോര്‍ജ് ബുഷ് ആണ് പോളണ്ടിലും ചെക്ക് റിപ്പബ്ലിക്കിലും എഎംഡി എലമെന്‍റുകള്‍ സ്ഥാപിക്കാന്‍ പദ്ധതിയിട്ടത്. എന്നാല്‍ യുഎസ് ഈ നീക്കം ഉപേക്ഷിക്കുന്നതായി കഴിഞ്ഞ ദിവസം പ്രസിഡന്‍റ് ഒബാമ വ്യക്തമാക്കിയിരുന്നു.
ഒബാമയുടെ തീരുമാനം റഷ്യയുടെ നയതന്ത്ര വിജയമായാണ് വിലയിരുത്തപ്പെടുന്നത്. ബുഷ് ഭരണകൂടം സ്ഥാപിക്കാനുദ്ദേശിക്കുന്ന മിസൈല്‍ കവചം റഷ്യയെ ഉന്നംവച്ചുള്ളതാണെന്നും ഇറാന് അമേരിക്കയുടെ യൂറോപ്യന്‍ സഖ്യ രാഷ്ട്രങ്ങളെ ആക്രമിക്കാന്‍ മാത്രം സാങ്കേതിക ക്ഷമതയില്ലെന്നും റഷ്യ ആരോപിച്ചിരുന്നു.