നടരാജ ഭഗവാനുമായി സാമ്യമുള്ള രീതിയില്‍ യുഎസ് പ്രസിഡന്റ് ബരാക്ക് ഒബാമയുടെ ചിത്രം പുറം താളില്‍ നല്‍കിയ ‘ന്യൂസ്‌വീക്ക്’ എന്ന യുഎസ് മാഗസിനെതിരെ അന്താരാഷ്ട്ര ഹിന്ദു സംഘടനകള്‍ രംഗത്ത്.
നവംബര്‍ 22 ലെ പതിപ്പിന്റെ പുറം താളിലാണ് ഹിന്ദു ദൈവങ്ങളിലെ ത്രിമൂര്‍ത്തികളിലൊരാളായ ശിവഭഗവാന്റെ നടരാജ ഭാവവുമായി അടുത്ത് സാമ്യമുള്ള രീതിയില്‍ ഒബാമയുടെ ചിത്രം പ്രസിദ്ധീകരിച്ചത്. “ഗോഡ് ഓഫ് ആള്‍ തിംഗ്സ്” എന്ന ശീര്‍ഷകത്തോടൊപ്പമാണ് ചിത്രം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
ന്യൂസ്‌വീക്കിന്റെ നവംബര്‍ ലക്കം ഹിന്ദുത്വത്തെ അപമാനിക്കുന്നു എന്നാണ് ഹിന്ദു സംഘടനകള്‍ പരാതിപ്പെടുന്നത്. വിവാദ ലക്കം നിരോധിക്കണമെന്ന് ‘ദ മലേഷ്യ ഹിന്ദു സംഘം’ ആവശ്യപ്പെട്ടു. ശനിയാഴ്ച ന്യൂസ് സ്റ്റാന്‍ഡുകളില്‍ എത്തിയ മാഗസിനെ കുറിച്ച് നിരവധി പരാതികള്‍ ലഭിക്കുന്നുണ്ട് എന്നും സംഘടനയുടെ വക്താക്കള്‍ പറയുന്നു.
ഹിന്ദു ബിംബങ്ങളുടെയും ചിഹ്നങ്ങളുടെയും വിശുദ്ധി ശരിയായ രീതിയില്‍ മനസ്സിലാക്കാതെ വാണിജ്യപരമായി ഉപയോഗിക്കുന്നതിനെ ഹിന്ദു അമേരിക്കന്‍ ഫൌണ്ടേഷന്‍ നിയമോപദേഷ്ടാവ് സുഹാംഗ് ശുക്ല വിമര്‍ശിച്ചു.
യുഎസ് മാഗസിന്‍ നടരാജ സങ്കല്‍പ്പത്തെ നിസാരവല്‍ക്കരിക്കുകയാണ് ചെയ്തിരിക്കുന്നത് എന്ന് ‘യൂണിവേഴ്സല്‍ സൊസൈറ്റി ഓഫ് ഹിന്ദുയിസം’ പ്രസിഡന്റ് രാജന്‍ സെഡ് അഭിപ്രായപ്പെട്ടു. ഹിന്ദുക്കളുടെ ആത്മീയ കാഴ്ചപ്പാടിനെ വ്യാവസായികവല്‍ക്കരിക്കാന്‍ ശ്രമിച്ച യുഎസ് മാഗസിന്‍ സ്വന്തം വെബ്‌സൈറ്റില്‍ ഉടന്‍ ഖേദ പ്രകടനം നടത്തണമെന്നും അതോടൊപ്പം അടുത്ത ലക്കത്തില്‍ ശിവ ഭഗവാനെ കുറിച്ചും നടരാജ ഭാവത്തെ കുറിച്ചും ഹിന്ദുമതത്തെ കുറിച്ചും വേണ്ട വിശദീകരണം നല്‍കണമെന്നുമാണ് രാജന്‍ സെഡ് ആവശ്യപ്പെട്ടത്.