ഔദ്യോഗിക സന്ദര്‍ശനത്തിന് അമേരിക്കയിലെത്തിയ ചൈനീസ് പ്രസിഡന്റ് ഹു ജിന്റാവോയും അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയും ഓവല്‍ ഓഫിസില്‍ ബുധനാഴ്ച ചര്‍ച്ച നടത്തും. വൈറ്റ് ഹൗസില്‍ ചൈനീസ് പ്രസിഡന്റിന് പരമ്പരാഗതമായ വരവേല്‍പു നല്‍കിയതിന് ശേഷമാണ് ചര്‍ച്ച.
യു എസ് കോണ്‍ഗ്രസിലെ നേതാക്കളുമായും ബിസിനസ് സമൂഹത്തിന്റെ പ്രതിനിധികളുമായും ഹു ജിന്റാവോ കൂടിക്കാഴ്ച നടത്തും. തുടര്‍ന്ന് സംയുക്‌ത വാര്‍ത്താ സമ്മേളനവുമുണ്ടാകും.
സമാധാന പൂര്‍ണമായ നിലനില്‍പിനും വികസനത്തിനും ചൈനീസ് ഗവണ്‍മെന്റ് പ്രതിജ്ഞാബദ്ധമാണെന്ന് നേരത്തേ 'വാഷിങ്ങ്ടണ്‍ പോസ്റ്റിന്’ നല്‍കിയ അഭിമുഖത്തില്‍ ഹു ജിന്റാവോ പറഞ്ഞു. പല സുപ്രധാന വിഷയങ്ങളിലും ചൈനയ്ക്ക് അമേരിക്കയുമായി അഭിപ്രായ ഭിന്നതയുണ്ടെന്നതു നിഷേധിക്കുന്നില്ല. എന്നാല്‍ മികച്ച ഉഭയകക്ഷി ബന്ധത്തിലൂടെ നേട്ടം കൈവരിക്കാനാണ് ഇരു രാജ്യങ്ങളും ലക്ഷ്യമിടുന്നതെന്ന് ഹു ജിന്റാവോ വ്യക്‌തമാക്കി.