ഉപരോധമൊന്നും ചെലവാകില്ലെന്ന് ഇറാന്‍!

ടെഹ്‌റാന്‍| WEBDUNIA| Last Modified ചൊവ്വ, 24 ജനുവരി 2012 (10:53 IST)
ഇറാനില്‍ നിന്ന് അസംസ്കൃത വാങ്ങുന്നത് നിര്‍ത്തിവച്ചുകൊണ്ട് ഇറാന് മേല്‍ യൂറോപ്യന്‍ യൂണിയന്‍ ഏര്‍പ്പെടുത്തിയ എണ്ണ ഉപരോധത്തിനെതിരെ ഇറാന്‍ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചു. ഇറാന്റെ നേട്ടങ്ങളെ തളച്ചിടാന്‍ ഉപരോധംകൊണ്ട്‌ സാധ്യമാവില്ലെന്നും ഈ ഉപരോധം ചെലവാകില്ലെന്നുമാണ് ഇറാന്‍ പ്രതികരിച്ചിരിക്കുന്നത്. ഉപരോധത്തെ പിന്തുണയ്ക്കുന്ന അമേരിക്കയുടെ നടപടിയെയും ഇറാന്‍ വിമര്‍ശിച്ചു.

യുറേനിയം സമ്പുഷ്ടീകരണം നിര്‍ത്തിവയ്ക്കാന്‍ തയാറാവാത്ത ഇറാനെ സാമ്പത്തികമായി തകര്‍ക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് ഉപരോധം കൊണ്ടുവന്നിരിക്കുന്നത്. ബ്രസല്‍സില്‍ തിങ്കളാഴ്ച ചേര്‍ന്ന 27 യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളിലെ വിദേശകാര്യമന്ത്രിമാരുടെ സമ്മേളനത്തിലാണ്‌ ഇറാനെതിരെ ഉപരോധം ഏര്‍പ്പെടുത്തിയത്. ജൂലൈ ഒന്ന് തൊട്ടാണ് ഉപരോധം പ്രാബല്യത്തില്‍ വരിക.

സൗദി കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ എണ്ണ കുഴിച്ചെടുക്കുന്നത് ഇറാനിലാണ്. ഇറാന്റെ എണ്ണക്കയറ്റുമതിയില്‍ 20% യൂറോപ്പിലേക്കാണ്‌. ഇത് നിലച്ചാല്‍ ഇറാന്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ വീഴും. അന്തര്‍ദേശീയ വിപണിയില്‍ ഇറാന്‍ പ്രതിദിനം വില്‍ക്കുന്നത്‌ 26 ലക്ഷം ബാരല്‍ എണ്ണയാണ്‌.

ഉപരോധത്തോടുള്ള പ്രതികാരമായി ഹോര്‍മുസ്‌ കടലിടുക്ക്‌ അടയ്ക്കാന്‍ ഇറാന്‍ മുതിര്‍ന്നേക്കുമെന്ന് ആശങ്ക ഉയര്‍ന്നിട്ടുണ്ട്. ഗള്‍ഫ് രാജ്യങ്ങളെ ലോകത്തെ മറ്റുഭാഗങ്ങളുമായി ബന്ധപ്പെടുത്തുന്ന സമുദ്രപാതയാണ് ഹോര്‍മുസ് കടലിടുക്ക്. കടലിടുക്ക്‌ അടച്ചാല്‍ അമേരിക്ക ഇടപെടുന്നതിലേക്കും തുടര്‍ന്ന് യുദ്ധത്തിലേക്കുമാണ് സാഹചര്യങ്ങള്‍ നീങ്ങുക.

യൂറോപ്യന്‍ യൂണിയനില്‍ പെടുന്ന രാജ്യമായ തുര്‍ക്കിയാണ് ഇറാനില്‍ നിന്ന് എണ്ണ വാങ്ങുന്നതിന് ഇന്ത്യയുടെ ‘പെയ്‌മെന്റ് റൂട്ട്’. ജൂലൈ ഒന്നിന് ഈ വഴി അടയുന്നതോടെ ഇറാനില്‍ നിന്ന് എണ്ണ വാങ്ങാന്‍ ഇന്ത്യ അല്‍‌പം പണിപ്പെടേണ്ടി വരും. എണ്ണയ്ക്കുള്ള പ്രതിഫലം രൂപയില്‍ വാങ്ങാന്‍ ഇറാനോട് ഇന്ത്യ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ജപ്പാന്‍ കറന്‍സിയായ യെന്നില്‍ പണം തരണമെന്ന് ഇറാന്‍ ശാഠ്യം പിടിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :