ഉപരോധം “മുഷിഞ്ഞ കൈലേസ്”: നെജാദ്

ടെഹ്‌റാന്‍| WEBDUNIA| Last Modified വ്യാഴം, 10 ജൂണ്‍ 2010 (09:56 IST)
ആണവപരിപാടികളുടെ പശ്ചാത്തലത്തില്‍ യു‌എന്‍ ഉപരോധം ശക്തമാക്കിയത് പ്രശ്നമല്ല എന്ന് ഇറാന്‍ പ്രസിഡന്റ് അഹമ്മദി നെജാദ്. ഉപരോധം മുഷിഞ്ഞ കൈലേസു പോലെയാണെന്നും ചവറ്റുകുട്ടയിലാണ് അതിന് സ്ഥാനമെന്നും നെജാദ് ഇറാന്‍ ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പ്രതികരിച്ചു.

ഇത്തരം ഉപരോധങ്ങളിലൂടെ ഇറാന്‍ ജനതയെ മുറിവേല്‍പ്പിക്കാന്‍ സാധിക്കില്ല എന്നും ഇറാന്‍ പ്രസിഡന്റ് പുറത്തുവിട്ട പ്രതികരണത്തില്‍ പറയുന്നു. രാജ്യം യുറേനിയം സമ്പുഷ്ടീകരണം തുടരുമെന്ന് യുഎന്നിലെ ഇറാന്‍ പ്രതിനിധി അസ്ഗര്‍ സുല്‍ത്താനിയ നേരത്തെ പറഞ്ഞിരുന്നു.

ഇറാനെതിരെയുള്ള ആയുധ, സാമ്പത്തിക, വ്യാപാര വിലക്കുകള്‍ കൂടുതല്‍ ശക്തമാക്കാനാണ് യുഎന്‍ രക്ഷാസമിതി തീരുമാനിച്ചത്. യുഎന്‍ സുരക്ഷാ സമിതിയില്‍ 12 വോട്ടുകള്‍ക്കാണ് ഉപരോധം സംബന്ധിച്ച പ്രമേയം പാസായത്.

നാലാം തവണയാണ് ഇറാനെതിരെയുള്ള യുഎന്‍ ഉപരോധം വരുന്നത്. ഇത്തവണ പ്രമേയത്തെ ബ്രസീലും തുര്‍ക്കിയും എതിര്‍ക്കുകയും ലബനന്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കുകയും ചെയ്തു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :