ഇങ്ങനെ പോയാല്‍ എങ്ങനെ? ഇറ്റലിയിലെ യുവാക്കളോടാണ് ചോദ്യം.കാരണമെന്തെന്നല്ലേ ? ഇറ്റലിയിലെ യുവാക്കളുടെ പ്രത്യുല്പാദന ശേഷി കുറഞ്ഞ് വരുന്നതായാണ് അടുത്തിടെ നടത്തിയ പഠനത്തില്‍ കണ്ടെത്തിയത്.
പിസ സര്‍വകലാശാലയിലെ ഗവേഷകരാണ് പഠനം നടത്തിയത്. അന്തരീക്ഷത്തിലെ മാലിന്യങ്ങള്‍ മൂലമാണ് ഇറ്റാലിയന്‍ നഗരങ്ങളില്‍ കഴിയുന്ന യുവാക്കളുടെ പ്രത്യുല്പാദന ശേഷിക്ക് കോട്ടം സംഭവിക്കുന്നത്. ‘ഡെയിലി ടെലിഗ്രാഫ്’ പത്രമാണ് ഇത് റിപ്പോര്‍ട്ട് ചെയ്തത്.
ശരാശരി 29 വയസ് പ്രായമുള്ള പതിനായിരം ഇറ്റാലിയന്‍ പുരുഷന്മാരിലാണ് ഗവേഷകര്‍ പഠനം നടത്തിയത്. ഇവരുടെ ബീജങ്ങളുടെ എണ്ണം കുറഞ്ഞ് വരുന്നതായാണ് പഠനത്തില്‍ തെളിഞ്ഞത്.
പഠനത്തില്‍ സഹകരിച്ച പുരുഷന്മാര്‍ക്ക് ഒരു മില്ലിലിറ്റര്‍ ശുക്ലത്തില്‍ 60 ദശലക്ഷം ബിജങ്ങളേ ഉള്ളൂ.ഇതില്‍ തന്നെ സജീവമായ ബീജങ്ങളുടെ സംഖ്യ 30 ശതമാനമാണ്. ആയിരത്തി തൊളളായിരത്തി എഴുപതുകളില്‍ ബീജങ്ങളുടെ തോത് 71 ദശലക്ഷമായിരുന്നു.
ഇറ്റലിയിലെ വന്‍ നഗരങ്ങളിലാണ് ഏറ്റവും വഷളായ സ്ഥിതി ഉള്ളത്. പ്രത്യുല്പാദന ശേഷി ഏറ്റവും കൂടുതലുള്ള പുരുഷന്മാര്‍ ഗ്രാമപ്രദേശങ്ങളില്‍ നിന്നുള്ളവരാണ്.
കാറുകളില്‍ നിന്നും പുറത്ത് വിടുന്ന വിഷവാതകങ്ങളാണ് കൂടുതല്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നതെന്ന് നേപ്പിള്‍സ് സര്‍വകലാശാലയിലെ ശാസ്ത്രജ്ഞര്‍ പറയുന്നു. ബീജങ്ങളുടെ ഗുണനിലവാരം ഈ വിഷവാതകങ്ങള്‍ നശിപ്പിക്കുന്നുവെന്നാണ് ശാസ്ത്രജ്ഞരുടെ വാദം.