വാഷിംഗ്ടണ്‍|
WEBDUNIA|
Last Modified വെള്ളി, 30 ഒക്‌ടോബര്‍ 2009 (11:07 IST)
ഇറാനെ സഹായിക്കുന്ന കമ്പനികള്‍ക്കെതിരെ സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്താന്‍ ലക്‍ഷ്യമിടുന്ന ബില്ലിന് അമേരിക്കന്‍ സെനറ്റിന്‍റെ ബാങ്കിംഗ് കമ്മറ്റി അംഗീകാരം നല്‍കി. ഇരുപത്തിമൂന്നംഗ സെനറ്റ് പാനലില്‍ എതിരില്ലാതെയാണ് ബില്‍ പാസാക്കിയത്.
ഇറാന് സംസ്കരിച്ച പെട്രോളിയം ഉല്‍പന്നങ്ങളും മറ്റും ലഭ്യമാക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ ഉപരോധം ഏര്‍പ്പെടുത്താന്‍ ലക്‍ഷ്യമിട്ടുള്ളതാണ് ബില്‍. സ്വന്തമായി സംസ്കരണ സംവിധാനങ്ങള്‍ കുറവായതിനാല്‍ 40 ശതമാനത്തോളം സംസ്കരിച്ച പെട്രോളിയം ഉല്‍പന്നങ്ങള്‍ ഇറക്കുമതി ചെയ്താണ് ഇറാന്‍ ആവശ്യങ്ങള്‍ നേരിടുന്നത്. നിലവിലെ ഉപരോധങ്ങള്‍ കൊണ്ടുതന്നെ ഏറെ പ്രതിസന്ധി അനുഭവിക്കുന്ന ഇറാന്‍റെ നില പുതിയ നീക്കം യാഥാര്‍ത്ഥ്യമാകുന്നതോടെ കൂടുതല്‍ പരുങ്ങലിലാകും.
അന്താരാഷ്ട്ര താല്‍പര്യത്തിന് നേര്‍ക്ക് മുഖം തിരിക്കുകയാണെങ്കില്‍ ഇറാനെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നതിന്‍റെ സൂചനയാണിതെന്ന് ബില്‍ പാസാക്കി സെനറ്റ് കമ്മറ്റി മേധാവി ക്രിസ്റ്റഫര്‍ ദോദ് പറഞ്ഞു. അന്താരാഷ്ട്ര തലത്തില്‍ ആണവസഹകരണത്തിന് തയ്യാറാകണമെന്ന് യുഎന്‍ നിര്‍ദ്ദേശത്തോടുള്ള ഇറാന്‍റെ പ്രതികരണം കാത്തിരിക്കുകയാണെന്ന് രണ്ട് ദിവസം മുമ്പ് അമേരിക്കന്‍ വിദേശകാര്യമന്ത്രാലയം വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഉപരോധത്തിനുള്ള ബില്‍ സെനറ്റ് പാസാക്കിയത്. ആണവപദ്ധതിയെച്ചൊല്ലിയാണ് ഉപരോധം.