ഇഫ്തിക്കറിന് സത്യപ്രതിജ്ഞ വേണ്ട

ഇസ്ലാമാബാദ്| WEBDUNIA| Last Modified ബുധന്‍, 18 മാര്‍ച്ച് 2009 (14:10 IST)
മുഷറഫ് ഭരണകാലത്ത് പുറത്താക്കപ്പെട്ട പാക് സുപ്രീം കോടതി ചീഫ് ജസ്റ്റീസ് ഇഫ്തിക്കര്‍ ചൌധരി വീണ്ടും ചുമതലയേല്‍ക്കുമ്പോള്‍ സത്യപ്രതിജ്ഞ ചെയ്യേണ്ടതില്ലെന്ന് അധികൃതര്‍ അറിയിച്ചു. അടുത്ത ഞായറാഴ്ചയാണ് ചുമതയേല്‍ക്കുന്നത്.

ഇഫ്തിക്കര്‍ ചൌധരിക്ക് പുറമെ മറ്റു പത്ത് ജഡ്ജിമാരെ കൂടി തിരിച്ചെടുത്തിട്ടുണ്ട്. ഇവരും സത്യപ്രതിജ്ഞ ചെയ്യേണ്ടതില്ലെന്ന് ഉന്നതാധികാര വൃത്തങ്ങള്‍ അറിയിച്ചിട്ടുണ്ട്. അഞ്ച് സുപ്രീം കോടതി ജഡ്ജിമാരെയും ആറ് ഹൈക്കോടതി ജഡ്ജിമാരെയുമാണ് തിരിച്ചെടുക്കുന്നത്.

ഇപ്പോഴത്തെ ചീഫ് ജസ്റ്റിസ് ഹമീദ് ദോഗര്‍ മാര്‍ച്ച് 21 ന് വിരമിക്കുകയാണ്. അതിനുശേഷം, ഇഫ്തിക്കര്‍ ചൌധരിയെയും മറ്റ് പുറത്താക്കപ്പെട്ട ജഡ്ജിമാരെയും തിരിച്ചെടുക്കുമെന്നാണ് പ്രധാനമന്ത്രി യൂസഫ് റാസ ഗിലാനി പ്രസ്താവന നടത്തിയത്. 2007ലെ മുഷറഫ് ഭരണത്തിലെ അടിയന്തരാവസ്ഥ കാലത്ത് അറുപതോളം ജഡ്ജിമാരെയാണ് പുറത്താക്കിയത്.

മുന്‍ പാക് പ്രധാനമന്ത്രി നവാസ് ഷരീഫിന്‍റെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധ സമരങ്ങളെ തുടര്‍ന്നാണ് പുറത്താക്കപ്പെട്ട ജഡ്ജിമാരെ തിരിച്ചെടുക്കാമെന്ന് സര്‍ക്കാര്‍ ഉറപ്പു നല്‍കിയത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :