ക്രിസ്മസ് ദിനത്തില്‍ യു എസ് വിമാനത്തില്‍ നടന്ന സ്ഫോടന ശ്രമം നേരത്തെ കണ്ടെത്തുന്നതില്‍ അമേരിക്കന്‍ രഹസ്യാന്വേഷണ വിഭാഗം പരാജയപ്പെട്ടുവെന്ന് യു എസ് പ്രസിഡന്‍റ് ബറാക് ഒബാമ. ഇത്തരം വീഴ്ചകള്‍ ഒരിക്കലും പൊറുക്കാനാവില്ലെന്നും ഒബാമ രഹസ്യാന്വേഷണ മേധാവികള്‍ക്ക് ശക്തമായ മുന്നറിയിപ്പ് നല്‍കി.
വിമാനത്തില്‍ സ്ഫോടനം നടാത്താന്‍ ശ്രമിച്ച നൈജീരിയന്‍ സ്വദേശി ഉമര്‍ ഫാറൂഖ് അബ്ദുള്‍ മുത്തലബ് യെമന്‍ സന്ദര്‍ശിച്ചിരിന്നുവെന്നും അയാള്‍ക്ക് തീവ്രവാദികളുമായി ബന്ധമുണ്ടായിരുന്നുവെന്നും രാജ്യത്തെ രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് നേരത്തെ അറിവുണ്ടായിരുന്നു. യെമെനിലെ അല്‍ക്വൊയ്ദ തീവ്രവാദികള്‍ അവിടുത്തെ യു എസ് കാര്യാലയങ്ങള്‍ മാത്രമല്ല യു എസിനെ തന്നെ ലക്‍ഷ്യമാക്കുന്നുണ്ടെന്നും നമ്മുടെ രഹസ്വാന്വേഷണ ഏജന്‍സികള്‍ക്ക് അറിവുള്ള കാര്യമാണ്.
എന്നിട്ടും ഇത്തരമൊരു വീഴ്ച സംഭവിച്ചുവെന്നത് അംഗീകരിക്കാനാവില്ലെന്നും ഒബാമ പറഞ്ഞു. രഹസ്യാന്വേഷണ ഏജന്‍സികളുടെ തലവന്‍മാരുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ഒബാമ. രഹസ്യാന്വേഷണ ഏജന്‍സികള്‍ വിവരങ്ങള്‍ ശേഖരിക്കുന്നതില്‍ സംഭവിച്ച വീഴ്ചയല്ല ഇവിടെ സംഭവിച്ചത്. കാര്യങ്ങള്‍ ശരിയായി അപഗ്രഥിക്കുന്നതില്‍ സംഭവിച്ച വീഴ്ചയാണ്.
രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് സംഭവിച്ച ഈ വീഴ്ച കാര്യങ്ങള്‍ ശരിയായി അപഗ്രഥിക്കാത്തതു മൂലമുണ്ടായതാണെന്നതിനാല്‍ ഇതൊരിക്കലും അംഗീകരിക്കാന്‍ കഴിയില്ല. എവിടെയാണ് തെറ്റ് പറ്റിയതെന്നതിനെക്കുറിച്ച് എനിക്ക് വ്യക്തമായ ഉത്തരം വേണം. വീഴ്ച വരുത്തിയവര്‍ക്കെതിരെ നടപടിയെടുക്കാനായി മേധാവികള്‍ക്ക് ഒരാഴ്ച സമയം അനുവദിച്ചിട്ടുണ്ട്. സുരക്ഷാ വീഴ്ചയ്ക്ക് എല്ലാവര്‍ക്കും ഒരുപോലെ ഉത്തരവാദിത്തമുണ്ടെന്നും ഒബാമ പറഞ്ഞു.