ഇന്ന് രാത്രി ഒരു മണിക്കൂര്‍ ലൈറ്റുകള്‍ അണയ്ക്കൂ...!

സിഡ്നി| WEBDUNIA|
PRO
ലോകമെങ്ങും ശനിയാഴ്ച രാത്രി 8.30 മുതല്‍ 9.30 വരെ ഒരു മണിക്കൂര്‍ സമയം ലൈറ്റുകള്‍ അണയ്ക്കും. ഭൌമ മണിക്കൂര്‍ ആചരണത്തില്‍ പങ്കെടുത്തുകൊണ്ടാണ് വൈദ്യുതി വിളക്കുകള്‍ അണയ്ക്കുന്നത്. ആഗോളതാപനത്തിനും കലാവാസ്ഥാ വ്യതിയാനത്തിനുമെതിരെയാണ് എര്‍ത്ത് അവര്‍ കാമ്പയിന്‍ സംഘടിപ്പിക്കുന്നത്. പരിസ്ഥിതി സ്നേഹികള്‍ ഇന്ന് രാത്രി ഒരുമണിക്കൂര്‍ സമയം ലൈറ്റുകള്‍ അണച്ച് കാമ്പയിനോട് സഹകരിക്കണമെന്ന് പരിസ്ഥിതി വാദികള്‍ അഭ്യര്‍ത്ഥിക്കുന്നു.

പരിസ്ഥിതി സംരക്ഷണത്തിന് യുവജനങ്ങളോട് ആഹ്വാനം ചെയ്യുന്ന നടപടികളുടെ ഭാഗമാണ് എര്‍ത്ത് അവര്‍ സെലിബ്രേഷന്‍. വ്യക്തികളും സ്ഥാപനങ്ങളും വലിയ ബിസിനസ് സമുച്ചയങ്ങളും മാളുകളും തിയേറ്ററുകളുമെല്ലാം ഒരു മണിക്കൂര്‍ ലൈറ്റുകള്‍ അണച്ച് ഭൌമ മണിക്കൂറില്‍ പങ്കെടുക്കും. ആ സമയത്ത് മെഴുകുതിരികള്‍ കൊളുത്തുകയും എണ്ണവിളക്കുകള്‍ തെളിക്കുകയും ചെയ്ത് ആഘോഷത്തില്‍ പങ്കെടുക്കാനാണ് പരിസ്ഥിതി പ്രവര്‍ത്തകര്‍ അഭ്യര്‍ത്ഥിക്കുന്നത്.

2007ല്‍ ഓസ്ട്രേലിയയിലാണ് ഭൌമ മണിക്കൂര്‍ ആചരണം ആരംഭിക്കുന്നത്. ഇന്ന് 152 രാജ്യങ്ങളില്‍ ഈ സെലിബ്രേഷന്‍ നടക്കുന്നു. ഭൂമിയിലെ ഏറ്റവും വലിയ കാമ്പയിനായാണ് ഇത് അറിയപ്പെടുന്നത്. ലോകത്തിലെ ഏഴായിരം നഗരങ്ങള്‍ ഭൌമ മണിക്കൂര്‍ ആചരിക്കുമ്പോള്‍ ഇന്ത്യയിലെ 150 നഗരങ്ങളും അതില്‍ പങ്കെടുക്കും.

ചെന്നൈയില്‍ ഐ ടി സി ചോളയും ഷെറാട്ടണ്‍ പാര്‍ക്ക് ഹോട്ടലും ഉള്‍പ്പടെയുള്ള പ്രധാന കേന്ദ്രങ്ങളില്‍ ആചരണം നടക്കും. ചെന്നൈ എര്‍ത്ത് അവര്‍ കാമ്പയിന്‍റെ ബ്രാന്‍ഡ് അംബാസഡര്‍ നടന്‍ ജീവയാണ്. കേരള സംസ്ഥാന വൈദ്യുതി ബോര്‍ഡും ഭൌമ മണിക്കൂര്‍ ആചരണത്തില്‍ പങ്കെടുക്കുന്നുണ്ട്.

വൈദ്യുതി ബോര്‍ഡിന്റെ എല്ലാ ഓഫീസുകളിലും രാത്രി 8.30 മുതല്‍ 9.30 വരെ കഴിയുന്നത്ര ലൈറ്റുകള്‍ ഓഫാക്കാന്‍ ബോര്‍ഡ് നിര്‍ദേശിച്ചിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :