ഇന്ത്യയ്ക്ക് സുപ്രധാന പങ്ക്: ഹിലാരി

വാഷിംഗ്ടണ്‍| WEBDUNIA| Last Modified വ്യാഴം, 16 ജൂലൈ 2009 (11:24 IST)
ലോകം നേരിട്ടുകൊണ്ടിരിക്കുന്ന പ്രശ്നങ്ങളായ കാലാവസ്ഥാ വ്യതിയാനം, ഭീകരവാദം, സാമ്പത്തിക മാന്ദ്യം, ആണവ നിരായുധീകരണം എന്നിവ പരിഹരിക്കുന്നതിന് ചൈന, റഷ്യ, തുര്‍ക്കി എന്നീ രാജ്യങ്ങളോടൊപ്പം ഇന്ത്യയ്ക്ക് സുപ്രധാന പങ്ക് വഹിക്കാനാകുമെന്ന് അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ഹിലാരി ക്ലിന്‍റണ്‍. രാജ്യാന്തര അജന്‍ഡ നടപ്പാക്കുന്നതിന് ഇന്ത്യ, ചൈന, റഷ്യ, തുര്‍ക്കി, ഇന്തോനേഷ്യ, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളുമായി പൂര്‍ണ സഹകരണമാണ് അമേരിക്ക ആഗ്രഹിക്കുന്നതെന്ന് ഹിലാരി പറഞ്ഞു.

പൊതു അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുകയെന്ന അമേരിക്കന്‍ തത്വത്തിനൊപ്പം നില്‍ക്കുന്നവയാണ് ഈ രാജ്യങ്ങള്‍ എന്ന് അവര്‍ പറഞ്ഞു. ഇന്ത്യ, തായ്‌ലന്‍ഡ് സന്ദര്‍ശനങ്ങള്‍ക്ക് മുന്നോടിയായി വിദേശനയം സംബന്ധിച്ച പ്രഭാഷണം നടത്തുകയായിരുന്നു ഹിലാരി. അഞ്ചുദിവസത്തെ സന്ദര്‍ശനത്തിന് ഹിലാരി ക്ലിന്‍റണ്‍ നാളെയാണ് ഇന്ത്യയിലെത്തുക.

അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറിയായി സ്ഥാനമേറ്റ ശേഷം ആദ്യമായാണ് ഹിലാരി ഇന്ത്യയില്‍ സന്ദര്‍ശനം നടത്തുന്നത്. മുംബൈയിലാണ് ഹിലാരിയുടെ സന്ദര്‍ശനം ആരംഭിക്കുക. 19ന് ന്യൂഡല്‍ഹിയിലെത്തുന്ന ഹിലാരി, പ്രധാനമന്ത്രി മന്‍‌മോഹന്‍ സിംഗുമായും വിദേശകാര്യ മന്ത്രി എസ് എം കൃഷ്ണയുമായും കൂടിക്കാഴ്ച നടത്തും. പ്രതിപക്ഷ നേതാവ് എല്‍ കെ അദ്വാനിയുമായും ഹിലാര്‍ കൂടിക്കാഴ്ച നിശ്ചയിച്ചിട്ടുണ്ട്.

ഇന്ത്യയിലെ വിവിധ തലങ്ങളിലുള്ള ഉന്നതരുമായി ഹിലാരി ചര്‍ച്ച നടത്തുമെന്ന് അമേരിക്കന്‍ വിദേശകാര്യ വക്താവ് ഇയാന്‍ കെല്ലി അറിയിച്ചു. അമേരിക്കന്‍ വിദേശകാര്യ ഉപസെക്രട്ടറി റോബര്‍ട്ട് ബ്ലേക്കും ഹിലാരിയോടൊപ്പം ഇന്ത്യയിലെത്തും. - അമേരിക്ക ബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള ചര്‍ച്ചകളാകും ഇരുവരും ഇന്ത്യന്‍ നേതാക്കളുമായി നടത്തുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :