ഇസ്ലാമബാദ്|
WEBDUNIA|
Last Modified വ്യാഴം, 23 ജൂലൈ 2009 (18:26 IST)
ഇന്ത്യന്‍ സര്‍ക്കാരുമായി പാക് സര്‍ക്കാര്‍ നടത്തുന്ന ഉന്നത തല ചര്‍ച്ചകളില്‍ കൂടുതല്‍ പങ്കാളിത്തം ലഭിക്കാനായി പാക് സൈന്യവും ചാര സംഘടനയായ ഐ എസ് ഐയും ശ്രമങ്ങള്‍ ഊര്‍ജിതമാക്കിയതായി റിപ്പോര്‍ട്ട്. പാകിസ്ഥാന്‍റെ നയപരമായ കാര്യങ്ങളില്‍ സ്വാധീനം ചെലുത്തുന്നവര്‍ എന്ന നിലയില്‍ ഇക്കാര്യത്തില്‍ തങ്ങള്‍ക്ക് വലിയ പങ്ക് വഹിക്കാന്‍ കഴിയുമെന്നണ് സൈന്യവും ഐ എസ് ഐയും കരുതുന്നത്.
പാക് സൈനിക മേധാവി അഷ്ഫാക് പര്‍വേസ് കയാനിയും അദ്ദേഹത്തിന്‍റെ വിശ്വസ്തനായ ഐഎസ്‌ഐ തലവന്‍ ജന. ഷൂജ പാഷയും ചേര്‍ന്നാണ് ഇതിനായുള്ള നീക്കങ്ങള്‍ നടത്തുന്നതെന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യയുടെ കര-നാവിക-വ്യോമ സേനകളെ പ്രതിനിധീകരിച്ച് പ്രതിരോധ ഉപദേശകനുമായി ഈ മാസമാദ്യം നടത്തിയ ചര്‍ച്ചയില്‍ പാഷ ഇക്കാര്യം ഉന്നയിച്ചതായാണ് സൂചന.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഐഎസ്‌ഐ, ആര്‍മി പ്രതിനിധികള്‍ പാക്കിസ്ഥാനി മാധ്യമങ്ങളോട് ഈ ആവശ്യം രഹസ്യമായി ഉന്നയിയ്ക്കുന്നുണ്‌ടെന്നാണ് റിപ്പോര്‍ട്ട്. പാക്കിസ്ഥാനില്‍ ജനാധിപത്യം പുന: സ്ഥാപിച്ചെങ്കിലും അധികാര കേന്ദ്രങ്ങളിലുള്ള സൈന്യത്തിന്റെ നിയന്ത്രണം ഇപ്പോഴും ശക്തമാണ്.
ഇന്ത്യയുമായുള്ള ചര്‍ച്ചകളില്‍ സൈനിക പങ്കാളിത്തമുണ്‌ടായാല്‍ കൂടുതല്‍ പ്രയോജനമുണ്‌ടാകുമെന്ന് പാക്കിസ്ഥാനിലെ മാധ്യമങ്ങളെക്കൊണ്‌ട് പറയിയ്ക്കാനാണ് ശ്രമം നടക്കുന്നത്. എന്നാല്‍ ഇന്ത്യന്‍ ഹൈക്കമ്മീഷനിലെ ഉദ്യോഗസ്ഥര്‍ വിഷയത്തില്‍ പ്രതികരിയ്ക്കാന്‍ വിസമ്മതിച്ചു. പാക്കിസ്ഥാന്റെ സൈനിക വക്താവും ഇക്കാര്യത്തില്‍ അഭിപ്രായം പരസ്യമായി പറഞ്ഞിട്ടില്ല.