ഇന്ത്യന്‍ സൈനികരെ വധിച്ചത് ഹാഫിസ് സെയ്ദിന്റെ ആജ്ഞ പ്രകാരം?
ഇസ്ലാമാബാദ്|
WEBDUNIA|
PTI
PTI
ജമ്മുകശ്മീരില്‍ ഇന്ത്യന്‍ സൈനികരെ മൃഗീയമായി കൊലപ്പെടുത്തി മൃതദേഹത്തെ അപമാനിച്ച പാക് സൈന്യത്തിന്റെ നടപടിയ്ക്ക് പിന്നില്‍ ജമാത്ത്-ഉദ്-ദവ, ലഷ്‌കര്‍ എന്നീ സംഘടനകളുടെ തലവനായ ഹാഫിസ് സെയ്ദ് ആണെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. സംഭവം നടന്ന പൂഞ്ച് ജില്ലയിലെ നിയന്ത്രണരേഖയ്ക്ക് സമീപം സെയ്ദ് ഒരാഴ്ച മുമ്പ് ക്യാമ്പ് ചെയ്തിരുന്നു എന്നാണ് വിവരം.
സെയ്ദിന്റെ നിര്‍ദ്ദേശപ്രകാരമാണ് പാക് സൈനികര്‍ ഇന്ത്യന്‍ സൈനികര്‍ക്ക് നേരെ വെടിയുതിര്‍ത്തത് എന്നാണ് കരുതപ്പെടുന്നത്. കശ്മീരില്‍ ജിഹാദ് നടപ്പാക്കുന്നതിന്റെ ഭാഗമായിരുന്നു ഈ നീക്കം എന്നും കരുതപ്പെടുന്നു. സൈനികരുടെ വധത്തില്‍ പാക് സൈന്യത്തിന് പങ്കില്ലെന്നും ജിഹാദികളാവാം അതിന് പിന്നില്‍ എന്നും മുന്‍ പാക് ആര്‍മി ജനറല്‍ തലത് മസൂര്‍ പറഞ്ഞിരുന്നു. വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച പാകിസ്ഥാന്റെ നടപടി പ്രകോപനപരമാണെന്നാണ് ഇന്ത്യ പ്രതികരിച്ചത്. സംഭവത്തേക്കുറിച്ച് പാകിസ്ഥാന്‍ അന്വേഷണം നടത്തണം എന്നും ഇന്ത്യ ആവശ്യപ്പെട്ടിട്ടുണ്ട്.
174 പേരുടെ ജീവനെടുത്ത മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരന്‍ സെയ്ദ് ആണെന്നാണ് കരുതപ്പെടുന്നത്. മുംബൈയിലേക്ക് കടല്‍മാര്‍ഗം എത്തിയ 10 പാക് ഭീകരരെ പരിശീലിപ്പിച്ചത് ഇയാളാണ് എന്നും ഇന്ത്യ ആരോപിക്കുന്നു. സെയ്ദിനെ വിട്ടുതരണമെന്ന് ഇന്ത്യ പാകിസ്ഥാനോട് പലവട്ടം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വ്യക്തമായ തെളിവുകള്‍ നിരത്തിയാല്‍ വിട്ടുതരാം എന്നായിരുന്നു പാകിസ്ഥാന്റെ വാദം.
ഇന്ത്യാ-പാക് പ്രശ്നം പരിഹരിക്കാനുള്ള ഏകമാര്‍ഗം കശ്മീരിനെ സ്വതന്ത്രമാക്കുക എന്നതാണെന്ന് സെയ്ദ് മുമ്പ് അഭിപ്രായപ്പെട്ടിരുന്നു. സെയ്ദിനെ പിടികൂടുന്നതിന് അമേരിക്ക ഒരു കോടി ഡോളര്‍ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്.