'ഇനി കഞ്ചാവ് കൃഷി ചെയ്യാം, വേണമെങ്കില്‍ വില്‍ക്കുകയും ചെയ്യാം’
മോണ്ടെവിഡിയോ|
WEBDUNIA|
PRO
PRO
ഇനി കഞ്ചാവ് കൃഷി ചെയ്യുകയും വില്‍ക്കുകയും ചെയ്യാം. ‘ഇടുക്കി ഗോള്‍ഡ്’ കണ്ട് സര്‍ക്കാരിന് മനം മാറ്റമുണ്ടായതാണെന്ന് കരുതേണ്ട. കഞ്ചാവ് കൃഷി ചെയ്യാനും വില്‍ക്കാനും ഉപയോഗിക്കാനും ഉറുഗ്വെ സര്‍ക്കാരാണ് നിയമാനുമതി നല്‍കിയത്. ഇതോടെ കഞ്ചാവിന് നിയമാനുമതി ലഭിക്കുന്ന ആദ്യ രാജ്യമായി ഉറുഗ്വെ. രണ്ട് മണിക്കൂര്‍ നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണ് ബില്‍ പാസാക്കിയത്. പതിമൂന്നിനെതിരേ പതിനാറു വോട്ടുകള്‍ക്കാണ് സെനറ്റില്‍ ബില്‍ പാസായത്.
എന്നാല്‍ ഇത്തരക്കാര്‍ നിയമാനുസൃതമായി രജിസ്‌ട്രേഷന്‍ നേടണമെന്നും ഉറുഗ്വെ ഗവണ്‍മെന്റ് വ്യക്തമാക്കിയിട്ടുണ്ട്. അടുത്ത ഏപ്രിലോടെ നിയമം പ്രാബല്യത്തില്‍ വരുമെന്നാണ് കരുതുന്നത്. ഇതോടെ പതിനെട്ടു വയസ് പൂര്‍ത്തിയായ ഏതൊരു ഉറുഗ്വെന്‍ പൗരനും ഒരു മാസം 40 ഗ്രാം വരെ കഞ്ചാവ് കൈവശം വെക്കാന്‍ സാധിക്കും. അതല്ലെങ്കില്‍ 6 കഞ്ചാവ് ചെടികള്‍ വീതം വീട്ടില്‍ കൃഷി ചെയ്യാന്‍ സാധിക്കും.
പുതിയ നടപടികളിലൂടെ മയക്കുമരുന്നു സംഘങ്ങളെ നിയന്ത്രിക്കാന്‍ സാധിക്കുമെന്നാണു സര്‍ക്കാരിന്റെ പ്രതീക്ഷ. എന്നാല്‍ മുന്‍ ആരോഗ്യമന്ത്രി ആല്‍ഫ്രെഡ് സോളാരി പുതിയ നിയമത്തിനെതിരെ സര്‍ക്കാരിന് താക്കീത് നല്‍കി. കുട്ടികള്‍ക്കും പ്രായപൂര്‍ത്തിയാവാത്തവര്‍ക്കും എളുപ്പത്തില്‍ മയക്കുമരുന്ന് കൈവരാന്‍ നിയമം ഇടയാക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.