ഇത് ജീവിതത്തിലെ ഏറ്റവും നാണം‌കെട്ട ദിവസം: മര്‍ഡോക്

ലണ്ടന്‍| WEBDUNIA|
തന്‍റെ ജീവിതത്തിലെ ഏറ്റവും നാണം‌കെട്ട ദിവസമാണിതെന്ന് മാധ്യമകുലപതി റുപര്‍ട്ട് മര്‍ഡോക്. ബ്രിട്ടീഷ് പാര്‍ലമെന്‍ററി സമിതിക്ക് മുമ്പാകെ ചോദ്യം ചെയ്യലിനായി ഹാജരായപ്പോഴാണ് മര്‍ഡോക് വികാരാധീനനായത്. സംഭവിച്ചതിനെല്ലാം മാപ്പ് നല്‍കണമെന്നും മര്‍ഡോക് അഭ്യര്‍ത്ഥിച്ചു.

ഫോണ്‍ ചോര്‍ത്തല്‍ നടന്നത് എന്‍റെ അറിവോടെയല്ല. ജീവനക്കാര്‍ എന്നെ വഴിതെറ്റിക്കുകയായിരുന്നു. ഞാന്‍ തെറ്റിദ്ധരിക്കപ്പെട്ടു. കമ്പനിയുടെ നിലവാരത്തിന് ചേര്‍ന്നതായിരുന്നില്ല അത്. ജീവിതത്തില്‍ ഇത്രയും തലകുനിച്ച് നില്‍ക്കുന്നത് ആദ്യമായാണ് - റുപര്‍ട്ട് മര്‍ഡോക് പറഞ്ഞു.

റുപര്‍ട്ട് മര്‍ഡോക്കിന്‍റെ മകന്‍ ജയിംസ് മര്‍ഡോക്കും ബ്രിട്ടീഷ് പാര്‍ലമെന്‍ററി സമിതിക്ക് മുമ്പാകെ തെളിവെടുപ്പിനെത്തിയിരുന്നു.

ഫോണ്‍ ചോര്‍ത്തലിന് ഇരയായവരോടും അവരുടെ കുടുംബങ്ങളോടും മാപ്പു ചോദിക്കുകയാണ്. ഫോണ്‍ ചോര്‍ത്തല്‍ സംഭവത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നു. സംഭവത്തിന് ശേഷം കമ്പനി സുതാര്യമായും വേഗത്തിലുമാണ് പ്രവര്‍ത്തിച്ചത് - ജയിംസ് മര്‍ഡോക് പറഞ്ഞു.

അതേസമയം, ന്യൂസ് ഓഫ് ദി വേള്‍ഡിന്‍റെ മുന്‍ റിപ്പോര്‍ട്ടര്‍ ഷോണ്‍ ഹോരെയെ (47) മരിച്ചനിലയില്‍ കണ്ടെത്തി. ഫോണ്‍ ചോര്‍ത്തല്‍ സംഭവം വെളിച്ചത്തുകൊണ്ടുവരുന്നതില്‍ നിര്‍ണായക പങ്കു വഹിച്ചയാളാണ് ഷോണ്‍ ഹോരെ.

ലണ്ടന്‍ നഗരപ്രാന്തത്തിലുള്ള വാട്‌ഫോര്‍ഡിലെ വീട്ടിലാണ് ഹോരെയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. സംഭവത്തെ കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. ന്യൂസ് ഓഫ് ദി വേള്‍ഡിന്റെ എന്റര്‍ടെയ്ന്‍മെന്റ് റിപ്പോര്‍ട്ടറായിരുന്ന തന്നെ ഫോണ്‍ ചോര്‍ത്താനായി അന്നത്തെ എഡിറ്റര്‍ ആന്‍ഡി കൗള്‍സണ്‍ പ്രേരിപ്പിക്കാറുണ്ടായിരുന്നുവെന്ന് കഴിഞ്ഞ വര്‍ഷം ന്യൂയോര്‍ക്ക് ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ ഹോരെ വെളിപ്പെടുത്തിയിരുന്നു. തെറ്റുതിരുത്തലിന്റെ ഭാഗമായാണ് ഇക്കാര്യം വെളിപ്പെടുത്തിയതെന്നും ഹോരെ പിന്നീട് പറഞ്ഞിരുന്നു. അമിതമദ്യപാനത്തിന്റെ പേരില്‍ ഹോരെയെ ന്യൂസ് ഓഫ് ദി വേള്‍ഡില്‍ നിന്ന് പുറത്താക്കിയിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :