ആറ്റം ബോംബിനെ തോല്‍പ്പിച്ച യമഗൂച്ചി കാലത്തിന് കീഴടങ്ങി

ടോക്കിയോ| WEBDUNIA|
PRO
ജപ്പാനിലെ ഹിരോഷിമയിലും നാഗസാക്കിയിലും അമേരിക്ക വര്‍ഷിച്ച ആണവ ബോംബില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട ഒരേയൊരു വ്യക്തി ഒടുവില്‍ 93 ആം വയസ്സില്‍ മരണത്തിന് കീഴടങ്ങി. ജപ്പാന്‍ പൌരനായ സുറ്റോമു യമഗൂച്ചിയാണ് കാലത്തിന് മുന്നില്‍ കീഴടങ്ങിയത്.

1945 ഓഗസ്റ്റ് ആറിന് ഹിരോഷിമയില്‍ അമേരിക്ക ആറ്റം ബോംബ് വര്‍ഷിച്ചപ്പോള്‍ തന്‍റെ കപ്പല്‍ നിര്‍മാണ കമ്പനിയ്ക്ക് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളുമായി യമഗൂച്ചി ഹിരോഷിമയിലുണ്ടായിരുന്നു. ശരീരത്തില്‍ ഗുരുതരമായി പൊള്ളലേറ്റ യമഗൂച്ചി അന്ന് രാത്രി ഹിരോഷിമയില്‍ കഴിച്ചുകൂട്ടി. പിന്നീട് 300 കിലോമീറ്റര്‍ അകലെയുള്ള തന്‍റെ ജന്‍‌മനാടായ നാ‍ഗസാക്കിയിലേക്ക് മടങ്ങിയ യമഗൂച്ചിയെ കാ‍ത്തിരുന്നത് മറ്റൊരു ആറ്റം ബോംബായിരുന്നു.

മൂന്നു ദിവസത്തിനുശേഷമാണ് അമേരിക്ക നാഗസാക്കിയില്‍ ബോംബ് വര്‍ഷിച്ചത്. ജപ്പാന്‍ സര്‍ക്കാരിന്‍റെ രേഖകള്‍ അനുസരിച്ച് രണ്ടിടത്ത് ബോംബ് വര്‍ഷിച്ചപ്പോഴും സ്ഥലത്തുണ്ടായിരുന്ന ഒരേയൊരു വ്യക്തി യമഗൂച്ചിയാണ്. അദ്ദേഹത്തിന്‍റെ മരണത്തോടെ പഴയ കഥകള്‍ പുതിയ തലമുറയ്ക്ക് പറഞ്ഞുകൊടുക്കാന്‍ കഴിയുന്ന വലിയൊരു വ്യക്തിത്വത്തെയാണ് നഷ്ടമായതെന്ന് നാഗസാക്കി മേയര്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

രണ്ട് തവണ റേഡിയോ വികിരണത്തില്‍ നിന്ന് രക്ഷപ്പെട്ട തന്‍റെ ജീവിതം മരണ ശേഷവും ആറ്റംബോംബിന്‍റെ ഭീകരതയെക്കുറിച്ച് പുതിയ തലമുറയ്ക്ക് അറിവ് നല്‍കുമെന്ന് യമഗൂച്ചി നേരത്തെ പറഞ്ഞിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :