ആണവ നിരോധനം നടപ്പാക്കും: ഉ.കൊറിയ

പ്യോങ‌ യാങ്| WEBDUNIA|
ആണവായുധ നിരോധന കരാറില്‍ ഉറച്ച് നില്‍ക്കുന്നതായി ഉത്തരകൊറിയ. ഇതുമായി ബന്ധപ്പെട്ടുണ്ടായ ചില തടസങ്ങള്‍ നീക്കാനാകുമെന്നും ഉത്തര കൊറിയന്‍ നേതാവ് കിം ജോങ് പറഞ്ഞതായി ചൈനീസ് ഔദ്യോഗിക വാര്‍ത്താ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.

ഉത്തരകൊറിയയുടെ ആണവ നിരായുധീകരണം സാധ്യമാക്കുക എന്നത് പ്രസിഡന്‍റ് ബുഷിന്‍റെ പ്രധാന ലക്‍ഷ്യങ്ങളില്‍ ഒന്നാണ്. രണ്ടായിരത്തി ആറ് ഒക്ടോബറില്‍ ഉത്തരകൊറിയ ആണവ പരീക്ഷണം നടത്തിയത് അമേരിക്കയെയും ദക്ഷിണ കൊറിയയെയും ജപ്പാനെയും ഞെട്ടിച്ചിരുന്നു.

ചൈനീസ് കമ്മ്യുണിസ്റ്റ് പാര്‍ട്ടി ഇന്‍റെര്‍നാഷണല്‍ ലയ്സന്‍ ഡിപ്പാ‍ര്‍ട്ട്‌മെന്‍റ് മേധാവി വാങ് ജിയാറിയുമായുള്ള ചര്‍ച്ചയിലാണ് ആണവ നിരോധനം സംബന്ധിച്ച് കിം തന്‍റെ അഭിപ്രായം പ്രകടിപ്പിച്ചത്. ചൈനീസ് പ്രസിഡന്‍റ് ഹു ജിന്‍റാവോയുടെ സന്ദേശം ജിയാറി കിമ്മിന് കൈമാറുകയുണ്ടായി.

ഉത്തരകൊറിയയുടെ ആണവ പദ്ധതി ഉപേക്ഷിക്കുന്നതിനായി നടന്നു വന്ന ഷഡ്കക്ഷി ചര്‍ച്ചകള്‍ മുന്നോട്ട് നയിക്കുന്നതിനും ജിയാറി സമ്മര്‍ദ്ദം ചെലുത്തിയെന്ന് അറിയുന്നു. കഴിഞ്ഞ വര്‍ഷം അവസാനത്തോടെ ഉത്തരകൊറിയയുടെ ആണവ പദ്ധതി നിര്‍ത്തിവയ്ക്കാമെന്നാണ് ഷഡ്കക്ഷി ചര്‍ച്ചയില്‍ ധാരണയായിരുന്നത്. എന്നാല്‍, ഇത് പാലിക്കപ്പെടുകയുണ്ടായില്ല.

അമേരിക്ക, ചൈന, ജപ്പാന്‍, റഷ്യ, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളാണ് ഉത്തരകൊറിയയുമായുള്ള ഷഡ്‌ക‌ഷി ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :