അവസാനം യൂറോപ്പിലേക്ക് വാതകമെത്തുന്നു

WEBDUNIA| Last Modified ചൊവ്വ, 20 ജനുവരി 2009 (09:42 IST)
ഏകദേശം ഒരുമാസക്കാലം നീണ്ടുനിന്ന വാതക ക്ഷാമത്തില്‍ നിന്ന് യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് മോചനം. റഷ്യയില്‍ നിന്ന് യൂറോപ്പിലേക്കുള്ള വാതക വിതരണം ഉക്രെയിന്‍ തടഞ്ഞതായിരുന്നു യൂറോപ്യന്‍ രാജ്യങ്ങളെ വിഷമത്തിലാക്കിയത്. റഷ്യയും ഉക്രെയിനും ഇന്നലെ വാതക വിതരണവുമായി ബന്ധപ്പെട്ട പത്തുവര്‍ഷ കരാറില്‍ ഒപ്പിട്ടതോടെ യൂറോപ്യന്‍ ജനത ആശ്വാസത്തിന്റെ നെടുവീര്‍പ്പിടുകയാണ്.

ഇരു രാജ്യങ്ങളിലെയും പ്രധാനമന്ത്രിമാര്‍ ഇന്നലെ മോസ്കോയില്‍ കൂടിക്കാഴ്ച നടത്തുകയും മൂന്ന് ആഴ്ചക്കാലമായി തുടരുന്ന തര്‍ക്കങ്ങള്‍ക്ക് വിരാമമിടുകയും ചെയ്തു. റഷ്യയില്‍ നിന്ന് യൂറോപ്യന്‍ രാജ്യങ്ങളിലേക്കുള്ള വാതക വിതരണം പൂര്‍ണ്ണമായും പുനസ്ഥാപിക്കപ്പെടുമെന്ന് കരാര്‍ ഒപ്പിട്ടതിന് ശേഷം റഷ്യന്‍ പ്രധാനമന്ത്രി വ്ലാഡിമിര്‍ പുടിന്‍ മാധ്യമങ്ങളോട് പറഞ്ഞു.

ഇതൊരു ചരിത്ര പ്രാധാന്യമുള്ള കരാറാണെന്നും റഷ്യന്‍ വാതക വിലയില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള തര്‍ക്കം ഇതോടെ തീര്‍ന്നെന്നും ഉക്രെയിന്‍ പ്രധാനമന്ത്രി യൂലിയ ടൈമോഷെങ്കോ പറഞ്ഞു. ഉക്രൈയിനിലുള്ള പൈപ്പ്‌ലൈനുകളില്‍ എത്തുന്ന വാതകം ഉടന്‍ തന്നെ യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് തിരിച്ചുവിടുമെന്നും ടൈമോഷെങ്കോ പറഞ്ഞു.

കരാറിന്റെ അടിസ്ഥാനത്തില്‍ ആയിരം ക്യുബിക് മീറ്റര്‍ വാതകത്തിന് 250 ഡോളറില്‍ താഴെയേ ഉക്രെയിനിന്റെ പക്കല്‍ നിന്ന് ഈടാക്കുകയുള്ളൂ.

ജനുവരി ഒന്നിനാണ് ഉക്രെയിന്‍ വഴിയുള്ള വാതക വിതരണം റഷ്യ നിര്‍ത്തിവച്ചത്. വിതരണം നിന്നതോടെ യൂറോപ്യന്‍ രാജ്യങ്ങള്‍ കടുത്ത ഊര്‍ജ്ജ പ്രതിസന്ധി നേരിടുകയായിരുന്നു. തണുപ്പുകാലമായതിനാല്‍ വീടിനകം ചൂടാക്കാന്‍ ഓഫീസുകളിലും വീടുകളിലും പാചകവാതകമാണ് ഉപയോഗിക്കുന്നത്. വാതക ക്ഷാമം കാരണം പല കമ്പനികളും അടച്ചുപൂട്ടിയിരിക്കുകയാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :