മധ്യേഷ്യന്‍ പ്രശ്ന പരിഹാരവുമായി ബന്ധപ്പെട്ട് ഈജിപ്ത്, ജോര്‍ദ്ദാന്‍ രാജ്യങ്ങളിലെ വിദേശ കാര്യ മന്ത്രിമാര്‍ ഇസ്രായേലില്‍ സന്ദര്‍ശനം നടത്തി. അറബ് ലീഗിന്‍റെ സമാധാന പദ്ധതിയുമായി ബന്ധപ്പെട്ടാണ് വിദേശ കാര്യമന്ത്രിമാരുടെ ഇസ്രായേല്‍ സന്ദര്‍ശനം.
ഇസ്രായേലുമായി നയതന്ത്ര ബന്ധങ്ങളുള്ള അറബ് രാജ്യങ്ങളാണ് ഈജിപ്തും ജോര്‍ദ്ദാനും. അധിനിവേശ പ്രദേശങ്ങളില്‍ നിന്ന് ഇസ്രായേല്‍ പിന്മാറിയാല്‍ ഇസ്രായേലിനെ അംഗീകരിക്കാമെന്ന പദ്ധതിയാണ് അറബ് ലീഗ് മുന്നോട്ട് വച്ചിട്ടുള്ളത്.
അറബ് ലീഗിന്‍റെ പദ്ധതി പ്രതീക്ഷയ്ക്ക് വക നല്‍കുന്നതാണെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി യഹൂദ് ഒല്‍മര്‍ട്ട് പറഞ്ഞു. നേരത്തേ ഈ പദ്ധതിയോട് ഇസ്രായേല്‍ വലിയ താല്പര്യം പ്രകടിപ്പിച്ചിരുന്നില്ല.
മേഖലയില്‍ നിന്ന് സമാധാനത്തിന്‍റെ സന്ദേശം ഞങ്ങള്‍ ഇസ്രായേലിന് നല്‍കുകയാണ്. കുടുതല്‍ ഫലവത്തായ ചര്‍ച്ചകള്‍ക്ക് ഇത് വഴിയൊരുക്കുമെന്ന് കരുതപ്പെടുന്നു- ജോര്‍ദ്ദാന്‍ വിദേശ കാര്യ മന്ത്രി അബ്ദുള്ള ഖതീബ് പറഞ്ഞു.
ഏഴ് വര്‍ഷമായി ഇസ്രായേല്‍ -പലസ്തീന്‍ ചര്‍ച്ചകളില്‍ പുരോഗതി ഒന്നുമുണ്ടായിട്ടില്ല. ഇക്കാലത്തിനിടെ 5000ത്തോളം പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ഇതില്‍ നല്ലൊരു പങ്കും പലസ്തീനികളാണ്.
മധ്യേഷ്യന്‍ സമാധാന ദുതനെന്ന നിലയില്‍ ബ്രിട്ടീഷ് മുന്‍ പ്രധാനമന്ത്രി ടോണി ബ്ലെയര്‍ ഇസ്രായേല്‍ സന്ദര്‍ശനം നടത്തി ഒരു ദിവസത്തിന് ശേഷമാണ് അറബ് ലീഗിനെ പ്രതിനിധീകരിച്ച് രണ്ട് വിദേശകാര്യ മന്ത്രിമാര്‍ എത്തിയിരിക്കുന്നത്. ഈജിപ്തും ജോര്‍ദ്ദാനും നിരവധി തവണ ഇസ്രായേലിലേക്ക് പ്രതിനിനിധികളെ അയച്ചിട്ടുണ്ട്.