അഫ്ഗാനിസ്ഥാനില്‍ കാണ്ഡഹാര്‍ പട്ടണത്തിന് സമീപം നടന്ന പോരാട്ടത്തില്‍ ആറ് താലിബാന്‍ തീവ്രവാദികള്‍ കൊല്ലപ്പെട്ടു. രാജ്യത്തിന്‍റെ തെക്കന്‍ പ്രവിശ്യയില്‍ സൈന്യം നടത്തിയ മറ്റൊരു വ്യോമാക്രമണത്തില്‍ എട്ട് തീവ്രവാദികളും വധിക്കപ്പെട്ടതായി ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.
കാണ്ഡഹാര്‍ പട്ടണത്തിന് പടിഞ്ഞാറ് ഭാഗത്തായി ശനിയാഴ്ച രാത്രിയാണ് പോരാട്ടം അരംഭിച്ചത്. സ്ഥലത്ത് പട്രോളിംഗ് നടത്തുകയായിരുന്ന പൊലീസിനെ ഭീകരര്‍ ആക്രമിക്കുകയായിരുന്നെന്ന് പൊലീസ് ഡെപ്യൂട്ടി ചീഫ് അബ്ദുള്ള ഖാന്‍ പറഞ്ഞു. നാറ്റൊ-അഫ്ഗാന്‍ സംയുക്ത സേന ശക്തമായി തിരിച്ചടിക്കുകയായിരുന്നു. സംഭവത്തില്‍ രണ്ട് പൊലീസുകാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
തെക്കന്‍ ഭാഗത്തുള്ള ഹെല്‍മാന്‍ഡ് പ്രവിശ്യയില്‍ സൈന്യം നടത്തിയ വ്യോമാക്രമണത്തിലാണ് എട്ട് തീവ്രവാദികള്‍ കൊല്ലപ്പെട്ടത്. ഒരു വാനില്‍ സഞ്ചരിക്കുകയായിരുന്ന ഭീകരരാണ് കൊല്ലപ്പെട്ടത്. സ്ഥലത്ത് ഏതാനും ദിവസങ്ങളായി പൊലീസും ഭീകരരും തമ്മിലുള്ള ഏറ്റുമുട്ടല്‍ തുടരുകയാണ്.