ഇന്ത്യയുടെ ആദ്യ ഭൂഖണ്ഡാന്തര ബാലസ്റ്റിക് മിസൈലായ അഗ്നി-5 ന്റെ വിക്ഷേപണ വിജയത്തിനെതിരെ ചൈനയുടെ ഇരട്ടത്താപ്പ്. ആയുധ മത്സരത്തില്‍ ചൈനയുടെ ഏഴയലത്തെത്താന്‍ ഇന്ത്യയ്ക്ക് സാധിച്ചിട്ടില്ലെന്നും പ്രതിരോധരംഗത്തെ പര്‍വതീകരിച്ച് കാണിക്കുന്ന ഇന്ത്യയ്ക്ക് മിസൈല്‍ മിഥ്യാധാരണയാണെന്നും ചൈനീസ് മാധ്യമം തുറന്നടിക്കുന്നു.
ചൈനീസ് സര്‍ക്കാരിന്റെ ഔദ്യോഗിക പ്രസിദ്ധീകരണമായ ഗ്ലോബല്‍ ടൈംസില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിലൂടെ ഇന്ത്യയെ വിമര്‍ശിച്ചിരിക്കുന്നത്. അന്താരാഷ്ട്ര ആണവായുധ, മിസൈല്‍ ഉടമ്പടികളുടെ നഗ്നമായ ലംഘനമാണ് ഇന്ത്യ നടത്തുന്നത്. ഇത് പാശ്ചാത്ത്യ രാജ്യങ്ങള്‍ കണ്ടില്ലെന്നു നടിക്കുകയാണെന്ന് ലേഖനം പറയുന്നു.
അതേസമയം ചൈനീസ് ഭരണകൂടം അഗ്നി-5-നെക്കുറിച്ച് വ്യത്യസ്ഥ രീതിയിലാണ് പ്രതികരിച്ചത്. ഇരു രാജ്യങ്ങളും വളര്‍ന്നുവരുന്ന ശക്തികളാണ്. ഇന്ത്യയും ചൈനയും ശത്രുക്കളല്ലെന്നും ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ഊട്ടിയുറപ്പിക്കണമെന്നും ചൈനീസ് വിദേശകാര്യമന്ത്രാലയം പ്രതികരിച്ചു.
ഒറീസ തീരത്തിനടുത്തുള്ള വീലര്‍ ദ്വീപില്‍ നിന്ന് വ്യാഴാഴ്ച രാവിലെ 8:05-നാണ് അഗ്നി-5 വിക്ഷേപിച്ചത്. ചൈനയുടെ ഭൂരിഭാഗം പ്രദേശങ്ങളും അഗ്‌നി മിസൈലിന്റെ പ്രഹരപരിധിയില്‍ വരും. വിക്ഷേപണം വിജയകരമായതോടെ ഇന്ത്യ എലീറ്റ് മിസൈല്‍ ക്ലബ്ബില്‍ അംഗമായി. റഷ്യ, ഫ്രാന്‍സ്, അമേരിക്ക, ചൈന എന്നീ രാജ്യങ്ങളാണ് എലീറ്റ് മിസൈല്‍ ക്ലബ്ബിലെ മറ്റ് അംഗങ്ങള്‍.
പ്രതിരോധ മേഖലയ്ക്ക് വകയിരുത്തുന്ന തുക 2012-13 പൊതുബജറ്റില്‍ ഇന്ത്യ 17 ശതമാനം വരെ വര്‍ധിപ്പിച്ചിരുന്നു. പാകിസ്ഥാനും ചൈനയും ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ഇത് അതിസൂക്ഷമായി നിരീക്ഷിച്ചുവരികയാണ്.