Nelvin Gok|
Last Modified വ്യാഴം, 19 സെപ്‌റ്റംബര്‍ 2024 (11:02 IST)
Pagers, Walkie-Talkies blast in Lebanon
Hezbollah device blasts: ലെബനനില്‍ ഹിസ്ബുല്ല പേജറുകളും വോക്കി ടോക്കികളും പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ മുപ്പതോളം പേര്‍ മരിക്കുകയും ആയിരത്തോളം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ഹിസ്ബുല്ല ആയുധധാരികള്‍ ആശയവിനിമയത്തിനായി ഉപയോഗിക്കുന്ന സാങ്കേതികവിദ്യയാണ് പേജറുകളും വോക്കി ടോക്കികളും. ലെബനനിലെ ആക്രമണത്തിനു പിന്നില്‍ ഇസ്രയേല്‍ ആണെന്നാണ് ഹിസ്ബുല്ല ആരോപിക്കുന്നത്.
ഹിസ്ബുല്ല അംഗങ്ങള്‍ക്കായി അടുത്തിടെ ഓര്‍ഡര്‍ ചെയ്തു വാങ്ങിയ പുതിയ ബാച്ച് പേജറുകളിലാണ് പൊട്ടിത്തെറി ഉണ്ടായത്. ഏകദേശം 5,000 പുതിയ പേജറുകളാണ് ഹിസ്ബുല്ല അംഗങ്ങള്‍ക്കായി ഈയിടെ വാങ്ങിയത്. ഈ പേജറുകളില്‍ പൊട്ടിത്തെറിക്ക് കാരണമായ ഒരു ചിപ്പ് ഘടിപ്പിച്ചിട്ടുണ്ടെന്നാണ് ഹിസ്ബുല്ലയുടെ പ്രാഥമിക നിഗമനം. ഇസ്രയേല്‍ സൈന്യം ലെബനനിലെ വിവിധ ഭാഗങ്ങളില്‍ സ്ഥാപിച്ച ഡ്രോണുകളിലൂടെ റേഡിയോ തരംഗങ്ങള്‍ അയച്ച് ഈ ചിപ്പ് ആക്ടിവേറ്റ് ചെയ്യുകയും ഈ തരംഗങ്ങള്‍ വഴി ബാറ്ററി ചൂടാക്കി സ്‌ഫോടനം നടത്തുകയും ചെയ്‌തെന്നാണ് സംശയം.
' റേഡിയോ തരംഗം വഴി ഒരു കോഡ് ലഭിച്ചാല്‍ പൊട്ടിത്തെറിക്കാന്‍ സാധ്യതയുള്ള ബോര്‍ഡ് മൊസാദ് ഇവയില്‍ സ്ഥാപിച്ചിട്ടുണ്ട്. അത് കണ്ടെത്തുക വളരെ ദുഷ്‌കരമായിരുന്നു. മറ്റേതെങ്കിലും ഉപകരണം കൊണ്ടോ സ്‌കാനര്‍ കൊണ്ടോ അത് കണ്ടെത്താന്‍ സാധിക്കില്ല,' ലെബനീസ് സുരക്ഷാ വിഭാഗത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞതായി റോയിട്ടേഴ്‌സ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു. ഒരു പ്രത്യേക കോഡ് റേഡിയോ തരംഗങ്ങള്‍ വഴി അയക്കുകയും ഇത് മൂവായിരത്തിലേറെ പേജറുകളുടെ പൊട്ടിത്തെറിക്ക് കാരണമാകുകയും ചെയ്തതായി ലെബനീസ് സുരക്ഷാ വിഭാഗം ആരോപിക്കുന്നതായും റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പേജറുകള്‍ ലെബനനില്‍ എത്തുന്നതിനു മുന്‍പ് അതിന്റെ ബാറ്ററിക്ക് സമീപത്തായി പൊട്ടിത്തെറിക്കാന്‍ സാധ്യതയുള്ള ഒരു ചിപ്പ് ഘടിപ്പിച്ചിട്ടുണ്ടെന്ന് അമേരിക്കന്‍ ഒഫിഷ്യല്‍ പറഞ്ഞതായി ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ടിലും ഉണ്ട്.
പേജറുകള്‍ വാങ്ങിയ സമയത്തു തന്നെയാണ് പുതിയ വോക്കി ടോക്കികളും വാങ്ങിയതെന്നാണ് വിവരം. പേജറുകളിലേതിനു സമാനമായി വോക്കി ടോക്കികളിലും ഇത്തരം ചിപ്പുകള്‍ ഘടിപ്പിച്ചിട്ടുണ്ടാകാമെന്നാണ് നിഗമനം. പൊട്ടിത്തെറിച്ച വോക്കി ടോക്കികളില്‍ 'I Com - Made in Japan' എന്ന് രേഖപ്പെടുത്തിയിരിക്കുന്നതായി ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു. ഈ കമ്പനിയെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും തങ്ങള്‍ക്ക് ഇതുവരെ മറുപടിയൊന്നും ലഭിച്ചിട്ടില്ലെന്നും ബിബിസി പറയുന്നു.
പേജറുകളും വോക്കി ടോക്കികളും ആശയവിനിമയത്തിനായി ഉപയോഗിക്കുന്ന പഴയ സാങ്കേതിക വിദ്യകളാണ്. ഇസ്രയേല്‍ മൊസാദിന്റെ ചാരക്കണുകളില്‍ നിന്ന് രക്ഷനേടാനാണ് ഹിസ്ബുല്ല ആശയവിനിമയത്തിനായി മൊബൈല്‍ ഫോണുകള്‍ക്ക് പകരം പേജറുകളും വോക്കി ടോക്കികളും ഉപയോഗിക്കുന്നത്. മൊബൈല്‍ ഫോണിലുടെയോ നൂതന സാങ്കേതിക വിദ്യകളിലൂടെയോ ഉള്ള ആശയവിനിമയം രഹസ്യങ്ങള്‍ ചോരാന്‍ കാരണമാകുമെന്ന ഭയത്തില്‍ നിന്നാണ് ഹിസ്ബുല്ല പേജറുകളും വോക്കി ടോക്കികളും ശീലമാക്കിയത്.
ഹിസ്ബുല്ല ശക്തികേന്ദ്രങ്ങളിലാണ് വോക്കിടോക്കി പൊട്ടിത്തെറികള്‍ സംഭവിച്ചത്. ഹിസ്ബുല്ല അനുയായികളുടെ കൈകളില്‍ ഇരുന്നാണ് വോക്കിടോക്കികള്‍ പൊട്ടിത്തെറിച്ചത്. പേജര്‍ സ്ഫോടനത്തില്‍ കൊല്ലപ്പെട്ടവരുടെ സംസ്‌കാരചടങ്ങുകള്‍ക്കിടയിലും പൊട്ടിത്തെറികള്‍ ഉണ്ടായി.
അതേസമയം പേജര്‍ കൂട്ടക്കൊലയ്ക്കുള്ള തിരിച്ചടി ഇസ്രയേലിനു നല്‍കുമെന്ന് ഹിസ്ബുല്ല പ്രഖ്യാപിച്ചിട്ടുണ്ട്. ഹിസ്ബുല്ലയുടെ ഭാഗത്തുനിന്ന് തിരിച്ചടി തുടങ്ങിയാല്‍ യുദ്ധത്തിലേക്കു നീങ്ങുമോ എന്ന ആശങ്കയാണ് ലോകരാഷ്ട്രങ്ങള്‍ക്കുള്ളത്. ഹമാസിനുള്ള പിന്തുണ തുടരുമെന്നും ഇപ്പോള്‍ നടത്തിവരുന്ന ആക്രമണങ്ങള്‍ തുടരുമെന്നും ഹിസ്ബുല്ല വ്യക്തമാക്കി.
ഇസ്രയേല്‍ പ്രതിരോധ മന്ത്രി യോവ് ഗാലന്റിന്റെ 'യുദ്ധത്തിന്റെ പുതിയ ഘട്ടം' എന്ന പരാമര്‍ശം ആശങ്ക വര്‍ധിപ്പിക്കുന്നു. ' യുദ്ധത്തിന്റെ പുതിയ ഘട്ടത്തിലേക്കു കടക്കുകയാണ് നമ്മള്‍. ധൈര്യവും ലക്ഷ്യബോധവുമാണ് ഇതിനു ആവശ്യം.' ഗാലന്റ് പറഞ്ഞു. എന്നാല്‍ ലെബനനിലെ തുടര്‍ ആക്രമണങ്ങളെ കുറിച്ച് പരാമര്‍ശമില്ല.
Nelvin Gok / [email protected]