അതൊരു പരീക്ഷണം മാത്രമായിരുന്നു; അക്കൗണ്ട് തുടങ്ങാന്‍ ആധാർ വേണ്ട - വിശദീകരണവുമായി ഫേസ്ബുക്ക്

ന്യൂഡൽഹി| സജിത്ത്| Last Modified വ്യാഴം, 28 ഡിസം‌ബര്‍ 2017 (18:15 IST)
ഇന്ത്യയിലെ ഉപയോക്താക്കളുടെ ആധാർ വിവരങ്ങൾ ശേഖരിക്കാൻ തങ്ങള്‍ക്ക് പദ്ധതിയില്ലെന്ന് ഫേസ്ബുക്ക്. ഇന്ത്യയിലെ പുതിയ ഉപയോക്താക്കളിലാണ് ചെറിയൊരു പരീക്ഷണം നടത്തിയത്. എന്നാല്‍ വ്യക്തികളുടെ ബയോമെട്രിക് വിവരങ്ങള്‍ ഫേസ്ബുക്ക് ശേഖരിക്കുന്നുവെന്ന തരത്തില്‍ ചിലർ വ്യാഖ്യാനിച്ചു. അത് തെറ്റാണെന്നും ആധാർ പരീക്ഷണം അവസാനിച്ചുവെന്നും കമ്പനി വ്യക്തമാക്കി.

ആധാറിലുള്ള പേര് തന്നെ ഉപയോഗിക്കുകയാണെങ്കില്‍ സുഹൃത്തുക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കുമെല്ലാം പരസ്പരം എളുപ്പത്തില്‍ കണ്ടെത്താന്‍ കഴിയുമെന്നാണ് കരുതിയിരുന്നത്. ആധാറിലുള്ള മറ്റ് വിവരങ്ങളൊന്നും കമ്പനി ശേഖരിച്ചിരുന്നില്ലെന്നും ഇനി എന്തായാലും ഉപയോക്താക്കൾ ആധാറിലെ പേര് നൽകേണ്ടതില്ലെന്നും പ്രൊഡക്ട് മാനേജർ ടൈച്ചി ഹോഷിനൊ ബ്ലോഗിൽ വ്യക്തമാക്കി.

ആധാറിന്റെ സാധ്യതകൾ ഫേസ്ബുക്ക് ഉപയോഗിക്കുന്നതായി കഴിഞ്ഞദിവസം റിപ്പോർട്ടുകള്‍ വന്നിരുന്നു. ഇത് വിവാദമാകുന്ന പശ്ചാത്തലത്തിലാണ് വിശദീകരണവുമായി കമ്പനി രംഗത്തെത്തിയത്. വ്യാജ അക്കൗണ്ടുകള്‍ ഉണ്ടാക്കുന്നത് തടയുക എന്ന ലക്ഷ്യത്തോടെയാണ് ഫേസ്ബുക്ക് പുതിയ ഫീച്ചര്‍ ആരംഭിക്കുന്നതെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :