കാറക്കസ്|
സജിത്ത്|
Last Modified ഞായര്‍, 18 ഡിസംബര്‍ 2016 (12:14 IST)
ലാറ്റിൻ അമേരിക്കൻ രാജ്യമായ വെനിസ്വേലയില്‍ നോട്ട് അസാധുവാക്കല്‍ തീരുമാനം മരവിപ്പിച്ചു. വന്‍ പ്രക്ഷോഭവും കൊള്ളയും അരങ്ങേറിയതിന് പിന്നാലെയാണിത്. പിന്‍വലിച്ച 100 ബൊളിവർ ബില്‍ നോട്ടുകള്‍ ജനുവരി രണ്ട് വരെ ഉപയോഗിക്കാമെന്നാണ് ഇപ്പോൾ പുറത്ത് വരുന്ന വാർത്തകൾ.
ഇന്ത്യ നടപ്പിലാക്കിയ നോട്ട് പിൻവലിക്കൽ തീരുമാനത്തിന് സമാനമായായിരുന്നു വെനിസ്വേല അവരുടെ നോട്ടുകള്‍ പിന്‍വലിച്ചത്. എന്നാല്‍ രാഷ്ട്രത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുന്ന വേളയിലാണ് പ്രസിഡൻറ് നിക്കോളസ് മഡുറോ നോട്ട് പിൻവലിക്കൽ തീരുമാനം മരവിപ്പിച്ച വിവരം പ്രഖ്യാപിച്ചത്.
പഴയ നോട്ടുകള്‍ മാറ്റുന്നതിനായി ജനങ്ങള്‍ക്ക് ദിവസങ്ങളോളം ക്യൂ നില്‍ക്കേണ്ടി വന്നതിനെ തുടര്‍ന്ന് രാജ്യത്ത് പ്രക്ഷോഭവും കൊള്ളയും നടന്നിരുന്നു. രാജ്യത്തെ വ്യാപര സ്ഥാപനങ്ങളെല്ലാം ഇപ്പോളും അടഞ്ഞു കിടക്കുകയാണ്. പലർക്കും ഭക്ഷണം ലഭിക്കാത്ത സാഹചര്യമാണ് നിലവിലുള്ളത്. ഈ സാഹചര്യത്തിലാണ് നോട്ട് പിൻവലിക്കൽ തീരുമാനം വെനിസ്വേല നീട്ടിയതെന്നാണ് പുറത്തുവരുന്ന സൂചന.