ശ്രീലങ്കന്‍ സ്ഫോടന പരമ്പര; ചാവേറിന്റെ സഹോദരന്‍ ഗര്‍ഭിണിയായ ഭാര്യക്കും മക്കള്‍ക്കുമൊപ്പം പൊട്ടിത്തെറിച്ചു

പ്രമുഖ വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

Last Modified വ്യാഴം, 25 ഏപ്രില്‍ 2019 (13:43 IST)
സ്‌ഫോടനം നടത്തിയ ഭീകരനെക്കുറിച്ച് അന്വേഷിക്കാന്‍ പൊലീസെത്തിയപ്പോൾ, സഹോദരന്‍ ഗര്‍ഭിണിയായ ഭാര്യക്കും മക്കള്‍ക്കുമൊപ്പം പൊട്ടിത്തെറിച്ചു. പ്രമുഖ വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ദമ്പതികളും രണ്ട് മക്കളും മൂന്ന് പൊലീസ് ഉദ്യോഗസ്ഥരും ആക്രമണത്തില്‍ കൊല്ല പ്പെട്ടു. ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയിലെ മൂന്ന് ക്രിസ്ത്യന്‍ പള്ളികളിലും ആഡംബര ഹോട്ടലുകളിലും സ്‌ഫോടനം നടന്നതിന് തൊട്ടുപിന്നാലെയായിരുന്നു സംഭവം. ശ്രീലങ്കന്‍ പ്രതിരോധ സഹമന്ത്രി റുവാന്‍ വിജേവര്‍ദ്ദനെയെ ഉദ്ധരിച്ചാണ് വാര്‍ത്ത.

അക്രമികള്‍ ഉന്നത വിദ്യാഭ്യാസം നേടിയവരും സാമ്പത്തികമായി ഉയര്‍ന്ന നിലയില്‍ കഴിയുന്നവരുമാണെന്ന് അദ്ദേഹം പറഞ്ഞു. കൊളംബോയിലെ പ്രമുഖ പലവ്യഞ്ജന വ്യവസായിയുടെ മക്കളാണ് ഭീകരാക്രമണം ആസൂത്രണം ചെയ്ത് നടപ്പാക്കിയത്. 33 കാരനായ ഇന്‍ഷാഫ് ഇബ്രാഹിം, 31 കാരനായ ഇലാം ഇബ്രാഹിം എന്നിവരായിരുന്നു ആക്രമണത്തിന് പിന്നിൽ.

ഇന്‍ഷാഫ് ഇബ്രാഹിം ആണ്‌ തിരക്കേറിയ ഷാങ്ഗ്രില ഹോട്ടലില്‍ സ്‌ഫോടനം നടത്തിയത്. ഇതിനുപിന്നാലെ ഇയാളുടെ കൊളംബോയിലെ വീട്ടില്‍ പൊലീസ് പരിശോധനയ്‌ക്കെത്തി. ഈസമയം സഹോദരന്‍ ഇലാം ഗര്‍ഭിണിയായ ഭാര്യക്കും കുട്ടികള്‍ക്കുമൊപ്പം പൊട്ടിത്തെറിക്കുകയായിരുന്നു. ഇലാമിന്റെ ഗര്‍ഭിണിയായ ഭാര്യയാണ് ബോംബുള്ള ജാക്കറ്റ് ധരിച്ചിരുന്നതെന്നെും റിപ്പോര്‍ട്ടുണ്ട്. ദമ്പതികളും രണ്ട് കുട്ടികളും മൂന്ന് പൊലീസുദ്യോഗസ്ഥരും തല്‍ക്ഷണം കൊല്ലപ്പെട്ടു.

ഇന്‍ഷാഫും ഇല്‍ഹാമും യുകെ, ഓസ്‌ട്രേലിയ എന്നിവിടങ്ങളില്‍ ഉന്നത വിദ്യാഭ്യാസം നേടിയവരാണ്. ഇല്‍ഹാം തീവ്ര ചിന്താഗതി വച്ചുപുലര്‍ത്തുന്ന നാഷണല്‍ തൗഹീദ് ജമാഅത്തുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചിരുന്നു. അതേസമയം കഷ്ടതയനുഭവിക്കുന്നവര്‍ക്ക് നിരന്തരം സഹായം ലഭ്യമാക്കിയിരുന്നയാളായിരുന്നു ഇന്‍ഷാഫ് എന്ന്‌ പ്രദേശവാസികളെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് വ്യക്തമാക്കുന്നു. സഹോദരന്റെ പ്രേരണയാലാണ് ഇയാള്‍ തീവ്ര ചിന്താഗതിയിലേക്ക് വഴിമാറിയത്.

ഈസ്റ്റര്‍ ദിനത്തില്‍ ക്രിസ്ത്യന്‍ പള്ളികളിലും ഹോട്ടലുകളിലുമുണ്ടായ ആക്രമണങ്ങളില്‍ 359 പേര്‍ കൊല്ലപ്പെട്ടിരുന്നു. 500 ലേറെ പേര്‍ക്ക് പരിക്കേറ്റു. മലയാളിയുള്‍പ്പെടെ 8 ഇന്ത്യക്കാരും മരണപ്പെട്ടവരില്‍ ഉള്‍പ്പെടും.കാസര്‍കോഡ് മൊഗ്രാല്‍ പുത്തൂര്‍ സ്വദേശി പിഎസ് റസീന(61) ആണ് കൊല്ലപ്പെട്ട മലയാളി. സംഭവവുമായി ബന്ധപ്പെട്ട് ഇതിനോടകം 60 പേര്‍ അറസ്റ്റിലായി. ഇസ്ലാമിക് സ്‌റ്റേറ്റാണ് ആക്രമണത്തിന്റെ ഉത്തരവാദിത്വമേറ്റെടുത്തത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :