ബെയ്റൂട്ട്|
Last Modified ബുധന്‍, 30 ജൂലൈ 2014 (11:01 IST)
തീവ്രവാദികള്‍ക്ക് വധുവിനെ ആവശ്യമുണ്ട്. അങ്ങനെയൊരു പരസ്യം എവിടെയെങ്കിലും കണ്ടാല്‍ ഞെട്ടേണ്ട. കാരണം തീവ്രവാദികള്‍ വധുവിനെ അന്വേഷിച്ച് പരസ്യമല്ല, കല്യാണ വിവാഹ ബ്യൂറോ തന്നെ ആരംഭിച്ചു കഴിഞ്ഞു. ഇറാഖില്‍ പോരാട്ടത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന വിമത സംഘമായ ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് ഇറാഖ് ആന്‍ഡ് സിറിയയാണ് ( ഐഎസ്ഐഎസ്) വിവാഹ ബ്യൂറോ ആരംഭിച്ചത്.
തീവ്രവാദികളെ വിവാഹം ചെയ്യാന്‍ താത്പര്യമുള്ള സ്ത്രീകളെയും വിധവകളെയും ലക്‌ഷ്യമിട്ട് വടക്കന്‍ സിറിയയിലെ അലപ്പോയ്ക്കു സമീപം അല്‍ ബാബിലാണ് മാര്യേജ് ബ്യൂറോ തുറന്നിരിക്കുന്നത്. ബ്രിട്ടന്‍ ആസ്ഥാനമായ സിറിയന്‍ ഒബ്സര്‍വേറ്ററി ഹ്യുമന്‍ റൈറ്റ്സ് എന്ന സംഘടനയെ ഉദ്ധരിച്ച് വാര്‍ത്ത ഏജന്‍സിയായ എഎഫ്പിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
വിധവകള്‍ക്കും അവിവാഹിതര്‍ക്കും തീവ്രവാദികളെ വിവാഹം ചെയ്യാന്‍ അവസരം ഉണ്ടാകും. താത്പര്യമുള്ള വനിതകള്‍ ഓഫിസിലെത്തി ഫോട്ടൊയും വിലാസവും നല്‍കണം. തുടര്‍ന്ന് താത്പര്യമുള്ള തീവ്രവാദികള്‍ ഇവരുടെ വീട്ടിലെത്തി വീട്ടുകാരുമായി സംസാരിച്ചു വിവാഹം ഉറപ്പിക്കും.
വിവാഹ ശേഷം ഇറാഖ്, സിറിയ എന്നിവിടങ്ങളില്‍ മധുവിധു ആഘോഷിക്കാനുള്ള അവസരവും സംഘടന ഒരുക്കും.