സിആര്‍ രവിചന്ദ്രന്‍|
Last Modified ബുധന്‍, 16 ജൂലൈ 2025 (12:04 IST)
നിമിഷപ്രിയയുടെ വധശിക്ഷ മാറ്റിവച്ചത് കൊണ്ട് പിന്മാറുകയില്ലെന്ന് ഫെയ്‌സ്ബുക്കില്‍ തലാലിന്റെ സഹോദരന്റെ കുറിപ്പ്. വധശിക്ഷ മാറ്റിവെച്ചത് കൊണ്ട് ഞങ്ങള്‍ പിന്മാറുകയില്ല, സമ്മര്‍ദ്ദങ്ങള്‍ ഞങ്ങളെ കുലുക്കുകയുമില്ല, ദയാധനം വാങ്ങി ഒത്തുതീര്‍പ്പിനില്ലെന്നും നീതി ഒഴിവാക്കാനാകില്ലെന്നും തലാലിന്റെ സഹോദരന്‍ അബ്ദുല്‍ ഹത്താഹ് ഫേസ്ബുക്കില്‍ കുറിച്ചു.
ശിക്ഷ നീട്ടിവെച്ചത് കൊണ്ടുള്ള ഉത്തരവിന്റെ പകര്‍പ്പ് സഹിതമാണ് ഇയാള്‍ ഫേസ്ബുക്കില്‍ കുറിപ്പിട്ടത്. ഇയാളുടെ പോസ്റ്റിനു താഴെ നിമിഷ പ്രിയക്ക് വേണ്ടി മലയാളികള്‍ കമന്റിട്ടു. അല്ലാഹുവിന്റെ ഏറ്റവും വലിയ ഗുണങ്ങളില്‍ ഒന്നാണ് ക്ഷേമ, ഈ സ്ത്രീയോട് നിങ്ങള്‍ ക്ഷമിച്ചാല്‍ അല്ലാഹു നിങ്ങള്‍ക്ക് ഇരുലോകത്തും പ്രതിഫലം നല്‍കും. അവളുടെ മകളുടെയും വൃദ്ധയായ അമ്മയുടെയും പേരില്‍ അവളോട് ക്ഷമിക്കണമെന്ന് ഞങ്ങള്‍ നിങ്ങളോട് അപേക്ഷിക്കുന്നു.- എന്നാണ് ഒരു മലയാളി അറബിയില്‍ എഴുതിയിരിക്കുന്നത്.
സമാനമായ രീതിയില്‍ നിരവധി മലയാളികളാണ് കമന്റിട്ടിട്ടുള്ളത്. അതേസമയം നിമിഷപ്രിയയുടെ വധശിക്ഷയ്ക്ക് അനുകൂലമായാണ് യമനികള്‍ കമന്റിടുന്നത്.