യുണൈറ്റഡ് നേഷൻസ്|
jibin|
Last Modified ഞായര്‍, 15 ഏപ്രില്‍ 2018 (12:42 IST)
സിറിയയില്‍ അമേരിക്കയുടെ നേതൃത്വത്തില്‍ നടന്ന വ്യോമാക്രമണത്തിനു മറുപടി നല്‍കാന്‍ റഷ്യ കൊണ്ടു വന്ന പ്രമേയത്തിന് ഐക്യരാഷ്ട്ര സഭയില്‍ തിരിച്ചടി.
ആക്രമണത്തെ അപലപിച്ച് റഷ്യ കൊണ്ടുവന്ന പ്രമേയം പതിനഞ്ചംഗ സമിതിയില്‍ രണ്ട് രാജ്യങ്ങള്‍ മാത്രമാണ് പിന്തുണച്ചത്. ചൈനയും ബൊളീവിയയും റഷ്യയെ പിന്തുണച്ചപ്പോള്‍ എട്ട് രാജ്യങ്ങള്‍ പ്രമേയത്തെ എതിര്‍ത്തു. നാലു രാജ്യങ്ങള്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടു നിന്നു.
സിറിയ്‌ക്കു മേലുള്ള കടന്നുകയറ്റം അടിയന്തരമായി തടയുക, ഭാവിയിലും അമേരിക്കന്‍ നടപടികള്‍ ഒഴിവാക്കുക എന്നീ ലക്ഷ്യങ്ങളോടെയായിരുന്നു റഷ്യയുടെ പ്രമേയ നീക്കം.
സിറിയയില്‍ ബഷാര്‍ അല്‍ അസദ് രാസായുധം പ്രയോഗിച്ചതിനു തെളിവു ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ആക്രമണം നടത്തിയതെന്ന് അമേരിക്കയും ബ്രിട്ടനും ഫ്രാന്‍സും രക്ഷാസമിതിയെ അറിയിച്ചു.
ഇനിയും രാസായുധ ആക്രമണത്തിന് അസദ് മുതിര്‍ന്നാല്‍ ആക്രമണം ഉണ്ടാകുമെന്നും
അമേരിക്ക വ്യക്തമാക്കി. ദമാസ്‌കസിലുള്ള രാസായുധ ശേഖരം തകര്‍ത്തെന്ന് അമേരിക്കയുടെ യുഎന്‍ അംബാസിഡര്‍ നിക്കി ഹാലേ സഭയില്‍ പറഞ്ഞു.