ദക്ഷിണ കൊറിയ ഇന്ത്യയില്‍ 63,000 കോടിരൂപ നിക്ഷേപിക്കും

സോൾ| VISHNU N L| Last Modified ചൊവ്വ, 19 മെയ് 2015 (11:05 IST)
ഇന്ത്യയുടെ അടിസ്ഥാന സൌകര്യ മേഖലയില്‍ വന്‍ കുതിച്ചു ചാട്ടമുണ്ടാകുന്ന തരത്തില്‍ 63,000 കോടിരൂപ നിക്ഷേപിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ദക്ഷിണ കൊറിയൻ സന്ദർശനത്തില്‍ ഒപ്പിട്ട കരാറുകളിലാണ് ഇത്രയും രൂപയുടെ നിക്ഷേപം ഇന്ത്യയിലേക്ക് വരുന്നത്. ഊർജോൽപാദന മേഖലയിലെയും ചെറുനഗരങ്ങളിലെയും അടിസ്ഥാനസൗകര്യ വികസനത്തിനാണ് ഇത്രയും പണം ചെലവഴിക്കുക. ചൈന, മംഗോളിയ സന്ദർശനങ്ങൾക്കുശേഷമാണ് മോഡി കൊറിയയിലെത്തിയത്. ഇരുരാജ്യങ്ങളും വാണിജ്യ-വ്യാപാര മേഖലയിൽ ഇന്നലെ ഏഴു കരാറുകൾ ഒപ്പിട്ടു.

ഇരട്ടനികുതി ഒഴിവാക്കാനുള്ളതാണ് ഒരു കരാർ. ചലച്ചിത്ര നിർമ്മാണം, ആനിമേഷൻ എന്നിവയിലാണ് രണ്ടാമത്തെ കരാർ. ഭാരത കൊറിയൻ ചലച്ചിത്ര വ്യവസായങ്ങൾ തമ്മിലുള്ള സഹകരണത്തിനും ഒന്നിച്ചുള്ള ചലച്ചിത്ര നിർമ്മാണങ്ങൾക്കു വഴിതുറക്കുന്നതാണ് ഈ കരാർ. സുരക്ഷ സംബന്ധിച്ചതാണ് മൂന്നാമത്തെ കരാർ. വൈദ്യുതിയുൽപ്പാദനം, സ്മാർട്ട് ഗ്രിഡ്, വൈദ്യുതി പ്രസരണം. വിതരണം എന്നിവയടക്കമുള്ള മേഖലകളിൽ സഹകരണം ഉറപ്പാക്കുന്നതാണ് നാലാമത്തെ കരാർ. യുവജനക്ഷേമം, സാംസ്കാരിക വിനിമയം, യുവജന ക്യാമ്പ് സെമിനാർ എന്നിവയുമായി ബന്ധപ്പെട്ടും കരാറായി.

റോഡ് നയങ്ങൾ രൂപീകരിക്കുക, റോഡുകൾ രൂപകൽപ്പന ചെയ്യുക, നിർമ്മിക്കുക, ഇന്റലിജന്റ് ട്രാൻസ്‌പോർട്ട് സംവിധാനം, ഇലക്‌ട്രോണിക് ടോൾ തുടങ്ങിയ കാര്യങ്ങളിൽ സഹകരിക്കാനുള്ളതാണ് ആറാമത്തെ കരാർ. കപ്പൽ നിർമ്മാണ സങ്കേതിക വിദ്യകളുടെ കൈമാറ്റം, പരിചയ സമ്പത്ത് കൈമാറ്റം, കടൽവഴിയുള്ള ചരക്കുനീക്കം, കപ്പൽ ജീവനക്കാർക്ക് പരിശീലനം, തുറമുഖപ്രവർത്തനങ്ങൾ എന്നിവയുമായി ബന്ധപ്പെട്ടതാണ് അടുത്ത കരാർ. ഹ്യുണ്ടായ് മോട്ടോഴ്‌സ്, സാംസങ് ഇലക്ട്രോണിക്‌സ്, എൽജി ഇൻഡസ്ട്രീസ് തുടങ്ങിയ രാജ്യാന്തര കമ്പനികള്‍ മോഡിയുടെ സന്ദര്‍ശനത്തെ തുടര്‍ന്ന് ഇന്ത്യയില്‍ പ്രവര്‍ത്തനം വിപുലമാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.

പ്രതിരോധമേഖലയിൽ കൊറിയൻകമ്പനികളുടെ സഹകരണവും തേടിയിട്ടുണ്ട്. ആണവ വിതരണ സംഘം അംഗത്വം നേടാനുള്ള ഇന്ത്യയുടെ ശ്രമങ്ങൾക്കുള്ള പിന്തുണയും ദക്ഷിണകൊറിയ പ്രഖ്യാപിച്ചു. ഹ്യുണ്ടായ് മോട്ടോഴ്‌സ് രണ്ടു പുതിയ പ്ലാന്റുകൾകൂടി സ്ഥാപിക്കും. ഈ നടപടികൾ വേഗത്തിലാക്കാൻ വാണിജ്യമന്ത്രി നിർമല സീതാരാമൻ അടുത്ത മാസം ദക്ഷിണകൊറിയ സന്ദർശിച്ചേക്കും. എൽഎൻജി ടാങ്കറുകൾ നിർമ്മിക്കാൻ കൊറിയൻ സാങ്കേതിക സഹകരണവും മോഡി അഭ്യർത്ഥിച്ചു. ബഹിരാകാശ രംഗത്തും ഭാരതവും കൊറിയയും സഹകരിക്കും. ഭീകരതയ്ക്ക് എതിരെ സംയോജിച്ച് പോരാടാനും തീരുമാനിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :