ഇവരും മനുഷ്യരാണ്....എന്നിട്ടുമെന്തേ ഇങ്ങനെ?

ജക്കാര്‍ത്ത| VISHNU N L| Last Modified ബുധന്‍, 13 മെയ് 2015 (13:02 IST)
രാജ്യമില്ലാത്തവര്‍, ആര്‍ക്കും വേണ്ടാത്തവര്‍, രോഗവും പട്ടിണിയും, മരണവും സന്തത സഹചാരികളായവര്‍.... ഇറാഖിലെയും സിറിയയിലേയും ന്യൂനപക്ഷങ്ങളല്ല, നമ്മുടെ അയല്‍ക്കാരായ മ്യാന്മറിലേയും ഇന്തോനേഷ്യയിലേയും ന്യൂനപക്ഷങ്ങളായ റോഹിംഗ്യ മുസ്ലീങ്ങളുടെ കാര്യമാണ് പറയുന്നത്. രാജ്യമോ, പൌരത്വമോ ഇല്ലാതെ അധിവസിക്കുന്ന രാജ്യങ്ങളുടെ പാര്‍ശ്വവത്കരണത്തില്‍ വംശവിഛേദനം സംഭവിച്ചുകൊണ്ടിരിക്കുന്ന റോഹിംഗ്യകളെ ആരുമ്പതിറ്റാണ്ടുകളായി സഹിക്കാനുമില്ല.

ഇവരുടെ ദുരിത്ക്കത്തിന്റെ ഒടുവിലത്തെ നേര്‍സാക്ഷ്യമാണ് ഇപ്പോള്‍ ഇന്ത്യന്‍ മഹാ സമുദ്രത്തില്‍ സംഭവിച്ചിരിക്കുന്നത്. സ്വന്തം രാജ്യത്തെ പീഡനങ്ങള്‍ സഹിക്കാതെ അയല്‍രാജ്യങ്ങളില്‍ അഭയം തേടിപ്പോയ ആയിരക്കണക്കിന് റോഹിംഗ്യ മുസ്ലിങ്ങള്‍ ആരും സഹായിക്കാനില്ലാതെ നടുക്കടലില്‍ കുടുങ്ങിയ വാര്‍ത്തകളാണ് പുറത്ത് വരുന്നത്. 50 സ്ത്രീകളും 84 കുട്ടികളുമുള്ള ഒരു ബോട്ടിലുള്ളവര്‍ കുട്ടികളുടെ ക്ഷേമങ്ങള്‍ക്കായുള്ള ഒരു സന്നദ്ധ സംഘടനയെ ബന്ധപ്പെട്ടതോടെയാണ് ഇവരുടെ ഞെട്ടിക്കുന്ന അവസ്ഥ പുറത്തറിഞ്ഞത്. ഇത്തരത്തില്‍ ആയിരങ്ങളാണ് കടലില്‍ കുടുങ്ങിക്കിടക്കുന്നതെന്ന് ഈ ബോട്ടിലുള്ളവര്‍ അറിയിച്ചു.

അഭയം ചോദിച്ച് ഇന്തോനേഷ്യയെ സമീപിച്ച ഇവരെ ആ രാജ്യം ആട്ടിയോടിച്ചു. തങ്ങളുടെ രാജ്യത്ത് അഭയാര്‍ത്ഥികളെ പ്രവേശിപ്പിക്കില്ലെന്ന് മലേഷ്യയും നിലപാടെടുത്തു. ഇതോടെ മ്യാന്മറിലെ പീഡനങ്ങളില്‍ നിന്ന് രക്ഷതേടി യാത്രപുറപ്പെട്ടവര്‍ എത്തിച്ചേരാന്‍ ഇടമില്ലാതെ തിരികെ പോകാന്‍ സാധിക്കാതെ നടുക്കടലില്‍ കുടുങ്ങി. ബുദ്ധമതക്കാര്‍ക്ക് മുന്‍തൂക്കമുള്ള മ്യാന്‍മറില്‍ ജീവിക്കുന്ന മുസ്ലിം വിഭാഗമാണ് റോഹിംഗ്യകള്‍. ആയിരം വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇവിടെ കുടിയേറിയ കച്ചവടക്കാരുടെ പിന്‍മുറക്കാര്‍. ബംഗ്ലാദേശിലും സൌദി അറേബ്യയിലും പാക്കിസ്താനിലും ഇവര്‍ ഉണ്ടങ്കിലും കൂടുതലും മ്യാന്‍മറിലാണ്. എല്ലാ രാജ്യങ്ങളിലും ആര്‍ക്കും വേണ്ടാത്തവരാണ് സാമ്പത്തികമായും സാമൂഹ്യമായും തകര്‍ന്ന ഈ വിഭാഗക്കാര്‍.

ലോകത്തെ ഏറ്റവും പീഡനമനുഭവിക്കുന്ന ന്യൂനപക്ഷ വിഭാഗക്കാരായി ഐക്യരാഷ്ട്ര സഭ പരിഗണിക്കുന്ന ഈ വിഭാഗക്കാര്‍ സ്വന്തം നാടായ മ്യാന്‍മറില്‍ കടുത്ത ജീവിതാവസ്ഥകളിലാണ്. ദേശീയ നിയമം അനുസരിച്ച് ഇവര്‍ക്ക് പൌരത്വം നിഷേധിക്കപ്പെട്ടിരിക്കുന്നു. വിദ്യാഭ്യാസ, ആരോഗ്യ രംഗങ്ങളില്‍ ഇവര്‍ക്ക് ഇടമില്ല. യാത്രാസ്വാതന്ത്ര്യം കര്‍ശനമായി നിയന്ത്രിച്ചിരിക്കുന്നു. തൊഴിലെടുക്കാന്‍ അവകാശമില്ലാത്ത ഇവര്‍ വര്‍ണ്ണവിവേചന നയത്തിന്റെ ഇരകളായി കഴിയുകയാണ്. അടിമകളായി കഴിയുകയാണ് ഇവരില്‍ ഭൂരിഭാഗവും.

ഈ അവസ്ഥയിലാണ്, ഇവര്‍ മറ്റ് രാജ്യങ്ങളിലേക്ക് രക്ഷപ്പെടാന്‍ ശ്രമിക്കുന്നത്. ബോട്ടുകളില്‍ മറ്റ് രാജ്യങ്ങളില്‍ എത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് പ്രവര്‍ത്തിക്കുന്ന കള്ളക്കടത്ത് സംഘങ്ങള്‍ ഇവിടെ സജീവമാണ്. ആയിരക്കണക്കിന് ഡോളര്‍ നല്‍കിയാണ് ഈ കള്ളക്കടത്ത് ബോട്ടുകളില്‍ ഇവര്‍ പുറപ്പെടുന്നത്. എന്നാല്‍, ഇത്തരം സംഘങ്ങളെ അടുപ്പിക്കാന്‍ മറ്റ് രാജ്യങ്ങള്‍ തയ്യാറല്ല. വിവിധ രാജ്യങ്ങളുടെ നാവിക സേനകള്‍ തിരച്ചില്‍ ശക്തമാക്കിയിരിക്കുന്നതിനാല്‍ പല ബോട്ടുകളിലെയും ഡ്രൈവര്‍മാരും ജീവനക്കാരുമൊക്കെ ബോട്ടുകളിലുള്ളവരെ തനിച്ചാക്കി രക്ഷപ്പെടും. ഇവരെ മനുഷ്യത്വം പരിഗണിച്ച് സംരക്ഷിക്കാന്‍ തീരുമാനിച്ചാല്‍ ലക്ഷക്കണക്കിന് അഭയാര്‍ഥികള്‍ വീണ്ടും എത്തുമെന്ന് ഭയക്കുന്നതിനാല്‍ ഒരു രാജ്യവും ഇവരെ സ്വീകരിക്കാതെ വാതില്‍ അടച്ചിട്ടിരിക്കുകയുമാണ്.

അപകടം ഒഴിവാക്കാന്‍ യു.എന്‍ അഭയാര്‍ഥിവിഭാഗം ഹൈകമീഷണറുടെ മേല്‍നോട്ടത്തില്‍ യു.എസ് ഉള്‍പ്പെടെ വിദേശ രാജ്യങ്ങളുടെ അടിയന്തരയോഗം ചേര്‍ന്നിരുന്നു. പക്ഷേ, അഭയാര്‍ഥികള്‍ക്കായി മലാക്ക കടലില്‍ തിരച്ചില്‍ നടത്താന്‍ പദ്ധതികള്‍ ആലോചിക്കാതെ യോഗം പിരിഞ്ഞു. രക്ഷാപ്രവര്‍ത്തനം നടത്തിയാല്‍പോലും ഇവരെ എന്തുചെയ്യുമെന്നതാണ് പ്രശ്നം. ആരും സഹായിച്ചില്ലെങ്കില്‍ ആന്‍ഡമാന്‍ കടലില്‍ ഇവര്‍ക്ക് മരണവാതില്‍ തേടേണ്ടിവരും.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :