പ്യോങ്യാങ്|
rahul balan|
Last Modified ഞായര്‍, 7 ഫെബ്രുവരി 2016 (11:42 IST)
അമേരിക്ക അടക്കമുള്ള ലോക രാജ്യങ്ങളുടെ ശക്തമായ എതിര്‍പ്പ് അവഗണിച്ച്
ഉത്തര കൊറിയ ഉപഗ്രഹം വഹിക്കാവുന്ന ദീർഘ ദൂര റോക്കറ്റ് വിക്ഷേപിച്ചു. പ്രാദേശികസമയം രാവിലെ ഒമ്പതിനാണ് വിക്ഷേപണം നടത്തിയതെന്ന് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു.
രണ്ടാംഘട്ട വിക്ഷേപണത്തിന്റെ ഭാഗമായി,
ഭൂമിയെ നിരീക്ഷിക്കുന്നതിനായി വികസിപ്പിച്ച ക്വാങ്യോങ് സോങ് ഉപഗ്രഹവും ദീർഘദൂര റോക്കറ്റ് ഭ്രമണപഥത്തിൽ എത്തിച്ചിട്ടുണ്ട്. വിലക്കുകള്‍ ലംഘിച്ചതിന് ഉത്തര കൊറിയ ശക്തമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്ന് അമേരിക്ക മുന്നറിയിപ്പു നല്‍കി.
ഉത്തര കൊറിയൻ പരമോന്നത നേതാവ് കിം ജോങ് ഉന്നിന്‍റെ പിതാവ് കിം ജോങ് ഇല്ലിന്‍റെ ജന്മദിനം പ്രമാണിച്ച്
ഫെബ്രുവരി 16ന് തീരുമാനിച്ചിരുന്ന വിക്ഷേപണം നേരത്തെയാക്കുകയായിരുന്നു.
വിക്ഷേപണത്തിനെതിരെ യു എസ്, ജപ്പാന്‍, ദക്ഷിണകൊറിയ തുടങ്ങിയ രാജ്യങ്ങള്‍ നേരത്തെ രംഗത്തു വന്നിരുന്നെങ്കിലും, എതിര്‍പ്പുകളെ മറികടന്ന് ഉത്തര കൊറിയ നടത്തിയ പുതിയ നീക്കത്തോട് ലോക രാജ്യങ്ങള്‍ ശക്തമായ് പ്രതികരിച്ചു.
“വലിയ പ്രകോപനമാണ് ഉത്തര കൊറിയ നടത്തിയിട്ടുള്ളത്. എന്നാൽ, പുതിയ നീക്കം കൊറിയൻ ഉപദ്വീപിന്‍റെ സുരക്ഷയ്ക്ക് ഭീഷണിയാവില്ല” -
യു എസ് സ്റ്റേറ്റ് സെക്രട്ടറി ജോൺ കെറി പ്രതികരിച്ചു.
എന്നാല്‍, ബഹിരാകാശ പദ്ധതികളുടെ ഭാഗമായുള്ള പദ്ധതിയില്‍ നിന്ന് പിന്നോട്ടില്ലെന്ന് ഉത്തരകൊറിയ വ്യക്തമാക്കി. ഹൈഡ്രജന്‍ ബോംബ് പരീക്ഷണമുള്‍പ്പടെയുള്ള
ഉത്തര കൊറിയയുടെ നീക്കങ്ങളെ ആശങ്കയോടെയാണ് ലോകരാജ്യങ്ങള്‍ നോക്കിക്കാണുന്നത്.