ഇസ്ലാമാബാദ്|
VISHNU.NL|
Last Updated:
തിങ്കള്‍, 1 സെപ്‌റ്റംബര്‍ 2014 (13:03 IST)
പാക്കിസ്‌താനില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം രൂക്ഷമായതൊടെ പോലീസും പ്രക്ഷോഭകാരികളും തമ്മിലുള്ള ഏറ്റുമുട്ടലുകള്‍ക്കിടെ എട്ടുപേര്‍ കൊല്ലപ്പെട്ടു. ഇതോടെ മരണം വരെ സമരം ചെയ്യുമെന്ന് പ്രഖ്യാപിച്ച് പാക്കിസ്താന്‍ തെഹ്രിക് ഇ ഇന്‍സാഫ് പാര്‍ട്ടി നേതാവ് ഇമ്രാങ്ഖാനും രംഗത്തെത്തി.
പ്രധാനന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ഇന്നലെ അര്‍ദ്ധരാത്രി തുടങ്ങയ പ്രക്ഷോഭമാണ് അക്രമാസക്‌തമായി തുടരുന്നത്. നാനൂറിലധികം പേര്‍ക്ക് സംഘര്‍ഷത്തില്‍ പരിക്ക് പറ്റിയിരുന്നു. ഇന്നലെ രാത്രി പ്രധാനമന്ത്രിയുടെ ഓഫീസ് വളഞ്ഞ പ്രവര്‍ത്തകരും സുരക്ഷാ സേനയും തമ്മില്‍ നിരവധി തവണ ഏറ്റുമുട്ടി. പാക്ക് പാര്‍ലമെന്റിലേക്കും പ്രധാനമന്ത്രിയുടെ വസതിയിലേക്കും നടത്തിയ മാര്‍ച്ചിലാണ് സംഘര്‍ഷമുണ്ടായത്.
പ്രതിഷേധക്കാര്‍ പോലീസ് വലയം ഭേദിച്ച് അകത്ത് കടക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് പോലീസ് കണ്ണീര്‍വാതകവും റബ്ബര്‍ ബുള്ളറ്റും പ്രയോഗിച്ചു. പോലീസ് നടപടിയില്‍ ഏഴ് പാര്‍ട്ടി പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതായി പാക്കിസ്‌താന്‍ അവാമി തെഹരീക നേതാവ് താഹിറുല്‍ ഖാദിരി അറിയിച്ചു. കൊല്ലപ്പെട്ട മറ്റൊരാള്‍ ഇമ്രാന്‍ ഖാന്റെ നേതൃത്വത്തിലുള്ള തെഹരീക ഇന്‍സാഫ് പാര്‍ട്ടിയുടെ പ്രവര്‍ത്തകനാണ്.
അതേസമയം മാര്‍ച്ചില്‍ 8 പേര്‍ കൊല്ലപ്പെട്ടെന്ന റിപ്പോര്‍ട്ട് നിഷേധിച്ച് പാക്ക് ആഭ്യന്തരമന്ത്രി ഖൗജ ആസിഫ് രംഗത്ത് വന്നു. ഏറ്റുമുട്ടലില്‍ ആരും കൊല്ലപ്പെട്ടിട്ടില്ലെന്നും 250 പേര്‍ക്ക് പരുക്കേല്‍ക്കുക മാത്രമാണ് ചെയ്‌തതെന്നാണ് സര്‍ക്കാര്‍ വാദം.
നവാസ് ഷെരീഫ് 24 മണിക്കൂറിനകം രാജിവയ്‌ക്കണമെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ അന്ത്യശാസനം നല്‍കിയിരുന്നു. എന്നാല്‍ ഷെരീഫ് രാജിക്ക് തയ്യാറായില്ല. ഇതേതുടര്‍ന്നാണ് പ്രക്ഷോഭകര്‍ തെരുവില്‍ ഇറങ്ങിയത്.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക് ചെയ്യുക.
ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.