രേണുക വേണു|
Last Modified തിങ്കള്‍, 1 സെപ്‌റ്റംബര്‍ 2025 (10:07 IST)
ചൈനയിലെ ടിയാന്‍ജിനില്‍ നടക്കുന്ന ഷാങ്ഹായ് സഹകരണ കൂട്ടായ്മയുടെ ഉച്ചകോടിയില്‍ നാടകീയ രംഗങ്ങള്‍. പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഷഹബാസ് ഷരീഫിനെ 'സൈഡാക്കി' ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുട്ടിനും സംസാരിക്കുന്ന രംഗങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുന്നത്.
ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങുമായും മോദി നയതന്ത്ര കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു. എന്നാല്‍ പാക് പ്രധാനമന്ത്രിയില്‍ നിന്ന് മോദി അകലം പാലിച്ചതായാണ് റിപ്പോര്‍ട്ട്. പുട്ടിനും മോദിയും സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ ഷരീഫ് അത് നോക്കിനില്‍ക്കുന്നതായാണ് ചിത്രങ്ങള്‍ പുറത്തുവന്നിരിക്കുന്നത്.
ചൈന, റഷ്യ എന്നീ രാജ്യങ്ങളുമായി വ്യാപാര, നയതന്ത്ര ബന്ധങ്ങള്‍ വീണ്ടും സജീവമാക്കാന്‍ ഇന്ത്യ ശ്രമിക്കുകയാണ്. എന്നാല്‍ പാക്കിസ്ഥാനുമായി ഒരു സഹകരണത്തിനു ഇന്ത്യ തയ്യാറല്ല. ഉച്ചകോടിക്കിടെ ചിത്രങ്ങള്‍ പകര്‍ത്തുമ്പോള്‍ പാക്കിസ്ഥാന്‍ പ്രധാനമന്ത്രിയില്‍ നിന്ന് അകലം പാലിക്കാന്‍ മോദി ശ്രമിച്ചിരുന്നു.
ഏപ്രില്‍ 22 ലെ പഹല്‍ഗാം ഭീകരാക്രമണത്തിനു പിന്നാലെയാണ് ഇന്ത്യ-പാക്കിസ്ഥാന്‍ നയതന്ത്രബന്ധം വഷളായത്. മേയ് ഏഴിനു ഇന്ത്യ നടത്തിയ 'ഓപ്പറേഷന്‍ സിന്ദൂറി'ലൂടെ പാക്കിസ്ഥാനുമായുള്ള ബന്ധം കൂടുതല്‍ വഷളായി. അതിനുശേഷം സൗഹാര്‍ദ്ദപരമായി ഇരു രാജ്യങ്ങളും തമ്മില്‍ ചര്‍ച്ച നടന്നിട്ടില്ല.