നേപ്പാള്‍ ഭൂകമ്പം; ജീവന്റെ തുടുപ്പുകള്‍ ഇനി തേടില്ല, ദുരിതാശ്വാസത്തിന് മുഖ്യപരിഗണന

കാഠ്‌മണ്ഡു| VISHNU N L| Last Modified ശനി, 2 മെയ് 2015 (18:25 IST)
ഭൂകമ്പം ദുരിതം വിതച്ച നേപ്പാളിലെ രക്ഷാപ്രവര്‍ത്തനം അവസാനിപ്പിക്കുന്നു. ഭൂകമ്പം കഴിഞ്ഞിട്ട് ഒരാഴ്ച പിന്നിട്ടതോടെയാണ് ഇന്ത്യ ഈ തീരുമാനത്തിലെത്തിയത്. പകരം ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനുമാണ് ഇന്ത്യയുടെ തീരുമാനം. തകര്‍ന്ന കെട്ടിടങ്ങള്‍ക്കിടയിലൊ ആരെങ്കിലും അകപ്പെട്ടിട്ടുണ്ടെന്കില്‍ അവര്‍ മരിച്ചിരിക്കാനാണ് സാധ്യത എന്നാണ് ഇന്ത്യന്‍ കരസേന പറയുന്നത്.ഇന്ത്യക്കാരെ തിരിച്ചെത്തിക്കുന്ന ദൗത്യവും സേന അവസാനിപ്പിച്ചു, മുഴുവന്‍ ആളുകളേയും ഒഴിപ്പിക്കാനായി എന്നാണ് വിലയിരുത്തല്‍.

ഇനി ഇന്ത്യന്‍ സൈന്യത്തിന്റെയും സന്നദ്ധ പ്രവര്‍ത്തകരുടെയും സഹായം നേപ്പാളിലെ ദിരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ കേന്ദ്രീകരിക്കും. നിലവില്‍ ഇവിടെയുള്ളവര്‍ക്ക്‌ ആവശ്യത്തിന്‌ ഭക്ഷണവും വെള്ളവും മറ്റും വിതരണം ചെയ്യുന്നതിലേയ്‌ക്ക് മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ് ഇന്ത്യ. നേപ്പാളിലെ ഇന്ത്യന്‍ സ്‌ഥാനപതി രഞ്‌ജിത്‌ റായ്‌ ആണ് ഇക്കാര്യങ്ങള്‍ അറിയിച്ചത്.
നേപ്പാളിന്റെ പുനര്‍ നിര്‍മ്മാണത്തിന്‌ ഇന്ത്യ മുന്‍കൈയെടുക്കുമെന്നും നേപ്പാളിനെ സഹായിക്കുന്ന കാര്യത്തില്‍ ചൈനയുമായി മത്സരിക്കാനില്ലെന്നും അദ്ദേഹം പറഞ്ഞു.

രക്ഷാപ്രവര്‍ത്തനങ്ങള്‍ ദ്രുതഗതിയില്‍ പുരോഗമിക്കുമ്പോഴും അടിസ്ഥാന സൗകര്യങ്ങള്‍പ്പോലും ഇല്ലാതെ കഴിയുകയാണ് ലക്ഷകണക്കിന്ന് ജനങ്ങള്‍. പല ഉള്‍നാടന്‍ പ്രദേശങ്ങളിലേക്കും ഇപ്പോഴും മരുന്നോ മറ്റ് അവശ്യവസ്തുകളോ എത്തിയിട്ടില്ല. മരുന്നും മറ്റ് അവശ്യവസ്തുകളും ഇവിടേക്ക് എത്തികൊണ്ടിരിക്കുന്നു. പല ഉള്‍നാടന്‍ ഗ്രാമപ്രദേശങ്ങളും എല്ലാ ബന്ധങ്ങളും നഷ്ടപ്പെട്ടു കഴിയുകയാണ്.
ഇതിനിടയില്‍ പകര്‍ച്ചവ്യാധികള്‍ പടരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. യുനിസെഫ് റിപ്പോര്‍ട്ടു പ്രകാരം 10ലക്ഷം കുഞ്ഞുങ്ങളെയാണ് ദുരന്തം ബാധിച്ചിരിക്കുന്നത്. കാഠ്മണ്ഡുവില്‍ മോര്‍ച്ചറിയിലെ തിരക്കുകാരണം തിരിച്ചറിയാന്‍ പറ്റാത്ത മൃതദേഹങ്ങള്‍ കൂട്ടത്തോടെ ദഹിപ്പിക്കുന്നത് തുടരുകയാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :