ദക്ഷിണാഫ്രിക്ക|
VISHNU.NL|
Last Modified വെള്ളി, 5 ഡിസംബര്‍ 2014 (08:58 IST)
പ്രിയപ്പെട്ട മഡിബ അങ്ങനെയാണ് നെല്‍സണ്‍ മണ്ടേല എന്ന ആഫ്രിക്കയുടെ കറുത്ത സൂര്യനേ ജനം സ്നേഹത്തോടെ വിളിച്ചിരുന്നത്. ദക്ഷിണാഫ്രിക്കന്‍ മുന്‍ പ്രസിഡന്റും രാഷ്ട്രപിതാവുമായ മണ്ടേല. വര്‍ണ്ണവിവേചനങ്ങളില്ലാത്ത ദക്ഷിണാഫ്രിക്കയ്ക്കായി ജീവിതത്തിലെ തീഷ്ണ യൌവ്വനം എരിച്ചുകളഞ്ഞ് തടവറയുടെ ഏകാന്തതയില്‍ സ്വന്തം രാജ്യത്തിന്റെ സ്വാതന്ത്ര്യം സ്വപനം കണ്ട മഡിബ.
നീണ്ട 27 വര്‍ഷം തടവറയുടെ നാലു ചുവരുകള്‍ക്കിടയില്‍ തളച്ചിട്ടിട്ടും വെള്ളക്കാര്‍ക്ക് സ്വാതന്ത്ര്യത്തോടുള്ള മണ്ടേലയുടെ അഭിനിവേശം തണുപ്പിക്കാന്‍ കഴിഞ്ഞില്ല. ആ തീക്ഷ്ണമായ വ്യക്തി മൂല്യങ്ങള്‍ക്ക് മുന്നില്‍, ആര്‍ജ്ജവത്തിന് മുന്നില്‍ വെള്ളക്കാര്‍ തോറ്റുമടങ്ങി. 1918ല്‍ ഗോത്രതലവന്റെ മകനായാണ് മണ്ടേലയുടെ ജനനം. കോളേജ് കാലത്ത് ഇന്ത്യന്‍ യൂറോപ്യന്‍ കമ്മ്യൂണിസ്റ്റ് വിദ്യാര്‍ത്ഥികളുമായുള്ള അടുപ്പമാണ് തന്റെ രാജ്യത്തെ ഗ്രസിച്ചിരുന്ന പാരതന്ത്ര്യത്തിന്റെ കെടുതികളേപ്പറ്റി മണ്ടേലയേ ബോധവാനാക്കിയത്.
തുടര്‍ന്ന് 1943ല്‍ ആഫ്രിക്കന്‍ നാഷണല്‍ കോണ്‍ഗ്രസില്‍ അംഗമായ അദ്ദേഹത്തില്‍ ഗാന്ധിയന്‍ ആദര്‍ശങ്ങള്‍ വലിയ സ്വാധീനം ചെലുത്തി. നിസഹകരണ പ്രസ്ഥാനവും അഹിംസാ സിദ്ധാന്തങ്ങളും ആയുധങ്ങളുമായി. 50ല്‍ പ്രതിഷേധ പണിമുടക്കിന് നേതൃത്വം നല്‍കി ലോകശ്രദ്ധയാകര്‍ശിച്ചു. അങ്ങനെ ആഫ്രിക്കന്‍ ഗാന്ധി എന്ന് വിശേഷണം ലോകം മണ്ടേലയ്ക്ക് ചാര്‍ത്തിക്കൊടുത്തു.
വെള്ളക്കാര്‍ പല തവണ പലകുറ്റങ്ങള്‍ക്കായി മണ്ടേലയെ ജയിലിലടച്ചു. ഒടുവില്‍ അഹിംസ വെടിഞ്ഞ് മണ്ടേല ആയുധം കൈയ്യിലെടുത്തു. ആയുധങ്ങളും ആശയങ്ങളും മാറിയപ്പോഴും ലക്ഷ്യം മാറിയില്ല. ദക്ഷിണാഫ്രിക്കയുടെ സ്വാതന്ത്ര്യം. മണ്ടേലയേ തടവറയിലടച്ചുകഴിഞ്ഞപ്പോഴേക്കും തെരുവിലെ ഓരൊ ചെറുപ്പക്കാരിലും മഡിബ തന്റെ ആശയത്തിന്റെ തീക്കനലുകള്‍ വിതച്ചു കഴിഞ്ഞിരുന്നു.
അത് പിന്നീട് ആളിക്കത്തി. ആചൂടില്‍ വെള്ളക്കാര്‍ വിയര്‍ത്തൊലിച്ചു. മഡിബയുടെ സ്വപ്നം യാഥാര്‍ഥ്യമാക്കാന്‍
ദക്ഷിണാഫ്രിക്ക ഒന്നിച്ച് തെരുവിലിറങ്ങി. ഒടുവില്‍ കറുത്തവര്‍ഗ്ഗക്കാര്‍ സ്വാതന്ത്ര്യത്തിന്റെ സൂര്യോദയംകണ്ടു. വെള്ളക്കാര്‍ കറുത്ത സൂര്യന്റെ കരുത്തുമറിഞ്ഞു. തുടര്‍ന്ന് 27 വര്‍ഷത്തെ നീണ്ട ജയില്‍വാസത്തിനൊടുവില്‍ 1990ല്‍ മണ്ടേല ജയില്‍ മോചിതനായി.
94ല്‍ വര്‍ണ്ണ വംശ വ്യത്യമില്ലാത്ത ദക്ഷിണാഫ്രിക്കയുടെ പ്രസിഡന്റായി. അഞ്ചു വര്‍ഷത്തിന് ശേഷം 99ല്‍ സ്വയമൊഴിഞ്ഞ് വീണ്ടും മണ്ടേല മാതൃകയായി. 1990ല്‍ ഭാരതരത്‌നം നല്‍കി ഇന്ത്യന്‍ സര്‍ക്കാരിന്റെ ആദരം. 1993ല്‍ സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം. ജന്മദിനമായ ജൂലൈ 18 ഐക്യരാഷ്ട്രസഭ മണ്ടേല ദിനമായി ആചരിക്കുന്നു. ലോകം മഡിബയെ ആദരിച്ചത് അങ്ങനെ പലവിധത്തിലാണ്. കാരണം മണ്ടേല ആഫ്രിക്കയുടെ മാത്രം സ്വത്തായിരുന്നില്ല മാനവരാശിയുടെ മുഴുവനുമായിരുന്നു.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക് ചെയ്യുക.
ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.