ഇസ്ലാമാബാദ്|
PRIYANKA|
Last Modified ചൊവ്വ, 16 ഓഗസ്റ്റ് 2016 (13:20 IST)
സ്വാതന്ത്ര്യ ദിനത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി ബലൂചിസ്ഥാന്‍ പരമാര്‍ശം നടത്തിയത് കശ്മീര്‍ വിഷയത്തില്‍ നിന്ന് ശ്രദ്ധതിരിക്കാനാണെന്ന് പാക് പ്രധാനമന്ത്രിയുടെ വിദേശകാര്യ ഉപദേഷ്ടാവ് സര്‍ജാത് അസീസ്. കഴിഞ്ഞ അഞ്ച് ആഴ്ചയായി കശ്മീരില്‍ നടക്കുന്ന സംഘര്‍ഷത്തില്‍ നിന്നും പ്രതിഷേധത്തില്‍ നിന്നും അന്താരാഷ്ട്ര സമൂഹത്തിന്റെ ശ്രദ്ധമാറ്റാനാണ് മോദി ബലൂചിസ്ഥാന്‍ പരാമര്‍ശം നടത്തി ശ്രമിക്കുന്നതെന്നും ബലൂചിസ്ഥാന്‍ പാക്കിസ്ഥാന്റെ അവിഭാജ്യ ഘടകമാണെന്നും അദ്ദേഹം പറഞ്ഞു.
ബലൂചിസ്ഥാനില്‍ ഇന്ത്യയുെട രഹസ്യാന്വേഷണ ഏജന്‍സിയായ റോയുടെ ഇടപെടലുകള്‍ മോദിയുടെ പ്രസംഗത്തിലൂടെ തെളിഞ്ഞെന്നും സര്‍താജ് അസീസ് ആരോപിച്ചു. കശ്മീരില്‍ സ്വാതന്ത്ര്യത്തിനു വേണ്ടിയാണ് യുവാക്കള്‍ പ്രതിഷേധവുമായി രംഗത്തെത്തുന്നത്. നിരായുധരായി പ്രതിഷേധം നടത്തുന്നവരെ ഇന്ത്യന്‍ സൈന്യം തോക്കുകള്‍ കൊണ്ടു അടിച്ചമര്‍ത്താനാണ് ശ്രമിക്കുന്നത്.
തോക്കുകള്‍ക്ക് പ്രശ്‌നം പരിഹരിക്കാനാവില്ലെന്നും ചര്‍ച്ചകളാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. സ്വാതന്ത്ര്യ ദിനത്തില്‍ രാജ്യത്തെ അഭിസംബോധന ചെയ്ത് ചെങ്കോട്ടയില്‍ സംസാരിക്കുന്നതിനിടെയാണ് പ്രധാനമന്ത്രി ബലൂചിസ്ഥാനെ കുറിച്ചും പാക് അധീന കശ്മീരിനെ കുറിച്ചും പറഞ്ഞത്. ഇവിടങ്ങളിലെ ജനങ്ങളുടെ കഷ്ടതകള്‍ രാജ്യം മനസ്സിലാക്കുന്നുണ്ടെന്നും ഇവര്‍ ഇന്ത്യയെ പിന്തുണക്കുന്നുണ്ടെന്നുമാണ് പ്രധാനമന്ത്രി പറഞ്ഞത്.