ജറുസലേം|
jibin|
Last Modified ചൊവ്വ, 4 ജൂലൈ 2017 (21:38 IST)
മൂന്നു ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇസ്രയേലിലെത്തി. ടെൽ അവീവ് വിമാനത്താവളത്തിലെത്തിയ മോദിയെ പ്രോട്ടോക്കോൾ മറികടന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു നേരിട്ടെത്തി സ്വീകരിച്ചു.
ഇസ്രായേൽ സന്ദർശിക്കുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രിയാണ് മോദി.
നെതന്യാഹുവിനൊപ്പം മുതിർന്ന മന്ത്രിമാരും പ്രധാനമന്ത്രിയെ വരവേല്‍ക്കാന്‍ എത്തിയിരുന്നു. ഹിന്ദിയിൽ സ്വാഗതമാശംസിച്ചാണ് നെതന്യാഹു മോദിയെ സ്വീകരിച്ചത്. മഹാനായ നേതാവാണ് ഇന്ത്യന്‍ പ്രധാനമന്ത്രിയെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യക്കും ഇസ്രയേലിനും ഇടയിലുള്ള സൗഹൃത്തിന്റെ അതിര് ആകാശമാണെന്നും നെതന്യാഹു ചൂണ്ടിക്കാട്ടി. നമുക്ക് ഒരുമിച്ച് കൂടുതൽ നന്നായി പ്രവർത്തിക്കാനാകും. കാലങ്ങളായി അങ്ങയെ കാത്തിരിക്കുകയാണ് ഞങ്ങൾ. തുറന്ന കൈകളുമായാണ് നിങ്ങളെ സ്വാഗതം ചെയ്യുന്നത്. ഈ സന്ദർശനത്തിൽ മേക്ക് ഇൻ ഇന്ത്യ, മേക്ക് വിത്ത് ഇസ്രയേലാക്കി മാറ്റണമെന്നും നെതന്യാഹു ആഹ്വാനംചെയ്തു.
ഇസ്രയേലിലെത്തുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രിയാകാൻ കഴിഞ്ഞത് വലിയ പദവിയാണെന്ന് മോദി പറഞ്ഞു. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിന്റെ ആഘോഷമാണ് തന്റെ സന്ദർശനം. ഭീകരവാദം ചെറുക്കുന്നതിൽ ഇന്ത്യക്കും ഇസ്രയേലിനും ഒരേനിലപാടാണുള്ളതെന്നും മോദി പറഞ്ഞു.
വിവിധ രംഗങ്ങളിൽ കരാറുകൾ ഒപ്പുവെക്കുന്നുണ്ടെങ്കിലും, മോദിയുടെ യാത്രയിൽ ഊന്നൽ ആയുധക്കച്ചവടമാണ്. ഇസ്രായേലിന്റെ ഏറ്റവും വലിയ ആയുധ വിപണിയായി മാറിയ ഇന്ത്യക്ക്
ഇപ്പോൾതന്നെ പ്രതിവർഷം 6500 കോടിയോളംരൂപയുടെ യുദ്ധോപകരണങ്ങളാണ് അവർ നൽകുന്നത്.